sandeep-nair

കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായർക്കെതിരെ കസ്റ്റംസ് കോഫെപോസ ചുമത്തിയതിൽ എൻ.ഐ.എയ്ക്ക് അതൃപ്‌തി. സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കാൻ എൻ.ഐ.എ തയ്യാറെടുക്കുന്നതിനിടെയായിരുന്നു കസ്റ്റംസിന്റെ അപ്രതീക്ഷിത നീക്കം. സ്വർണക്കടത്തിലെ പ്രധാനികളായ കെ.ടി റമീസുമായും സ്വപ്‌ന സുരേഷുമായും അടുത്ത ബന്ധമുളള സന്ദീപ് നായരുടെ രഹസ്യമൊഴി നിർണായകമാണെന്നാണ് എൻ.ഐ.എ വിലയിരുത്തുന്നത്. ഇതേ തുടർന്നാണ് കോഫെപോസ ചുമത്തിയ നടപടിക്കെതിരെ എൻ.ഐ.എ കസ്റ്റംസിനെ അതൃപ്‌തി അറിയിച്ചത്. ഒരു വർഷം ജാമ്യം ലഭിക്കാതെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുന്ന നിയമമാണ് കോഫെപോസ .

സന്ദീപിന്റെ രഹസ്യമൊഴിക്കായി കസ്റ്റംസും എൻഫോഴ്‌സ്‌മെന്റും എൻ.ഐ.എ കോടതിയെ സമീപിച്ചിട്ടുണ്ട്. രഹസ്യമൊഴി ഒരു കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് മാത്രമായാണോ നൽകുന്നത് എന്നതിൽ തീരുമാനം അറിയിക്കാൻ കോടതി എൻ.ഐ.എ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ചുളള തീരുമാനം ബുധനാഴ്‌ചയോടെ ഉണ്ടാകും.

സ്വർണക്കടത്തിന്റെ മുഴുവൻ വിശദാംശങ്ങളും സന്ദീപിന്റെ രഹസ്യമൊഴിയിലുണ്ട്. അതേസമയം കസ്‌റ്റംസ് ചുമത്തിയ കോഫെപോസ പ്രകാരം ഇവർ ഒരു വർഷത്തെ കരുതൽ തടങ്കലിലാവും. കസ്റ്റംസ് നടപടി സന്ദീപിനെ മാപ്പുസാക്ഷിയാക്കി കേസുമായി മുന്നോട്ടുപോകുന്നതിൽ തടസമാകുമോ എന്ന ആശങ്കയാണ് എൻ.ഐ.എക്ക് ഉളളത്.