
'കമ്മ്യൂണിസം നടന്ന കനൽവഴികൾ എന്ന പേരിൽ കേരളകൗമുദി നൽകിയ ലേഖനം ശ്രദ്ധേയമാണ്. 'ഒരു പുതിയ ലോകം സ്വപ്നം കണ്ട ഒരുപാടു മനുഷ്യരുടെ ത്യാഗമുണ്ട് ഈ പാർട്ടിയുടെ അടിത്തറയിൽ. അത് നേതാക്കളുടെ മക്കൾക്കും മരുമക്കൾക്കുമൊന്നും അട്ടിമറിയ്ക്കാനുള്ളതല്ല. ഒരാത്മ പരിശോധനയ്ക്ക് തയ്യാറാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പ്രത്യേകിച്ച് ഓരോ മനുഷ്യനും വാർത്തകളുടെ ചുവരുകളായി മാറുന്ന ഇക്കാലത്ത്. അലകും പിടിയും മാറ്റിയാൽ കമ്മ്യൂണിസ്റ്റ് ചിന്തകൾക്ക് ഇനിയും കേരളത്തിൽ ഭാവിയുണ്ട് 'എന്ന നിരീക്ഷണം നടത്തിയ എഡിറ്റോറിയൽ കമ്മ്യൂണിസ്റ്റുകാർക്കിടയിൽ ഗൗരവമേറിയ പരിഗണനയ്ക്ക് വിധേയമാകുമെന്നതിൽ തർക്കമില്ല. 'സഖാവ് പി. കൃഷ്ണപിള്ള മുതൽ എന്ന നീണ്ട വരിയിൽ നിന്ന് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സംസ്ഥാന സെക്രട്ടറിമാരായിരുന്നവരെയും പാർട്ടി ഭിന്നിച്ചപ്പോൾ സി.പി.ഐ. സെക്രട്ടറിമാരായിരുന്നവരെയും പാടേ വിട്ടുകളഞ്ഞതിൽ നിന്ന്, കമ്മ്യൂണിസം നടന്ന കനൽ വഴികളിൽ സി.പി.എം എന്ന പാർട്ടി മാത്രമാണുള്ളതെന്ന് സ്ഥാപിക്കാനുള്ള ശ്രമം നിർഭാഗ്യകരമാണ്. അധികാര രാഷ്ട്രീയം കീഴടക്കാൻ കഴിയാതെ , പാർട്ടിയുടെ സ്ഥാനമാനങ്ങൾ നേടാൻ കഴിയാതെ തൂക്കിലേറ്റപ്പെട്ട നിരവധി കമ്മ്യൂണിസ്റ്റുകാർ പിൽക്കാലത്ത് അറിയപ്പെട്ടവരായിത്തീർന്ന ചരിത്രവും ഇവിടെ തമസ്‌കരിക്കപ്പെട്ടിരിക്കുന്നു. സഖാവ് കെ.സി.ജോർജ്ജും എം.എൻ.ഗോവിന്ദൻ നായരും സി.അച്യുതമേനോനും എൻ.ഇ.ബാലറാമും സി.ഉണ്ണിരാജയും പി.കെ.വാസുദേവൻനായരും ആർ. സുഗതനും റ്റി.വി.തോമസും കനൽ വഴികളിലെ യാത്രക്കാരായിരുന്നു എന്ന വസ്തുത നിഷേധിക്കാനാവില്ല. എന്തായാലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യച്യുതിയെക്കുറിച്ചും, അവയൊക്കെ തിരുത്തി മുന്നോട്ടുപോയാൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന കേരളകൗമുദിയുടെ കാഴ്ചപ്പാടിനും അഭിനന്ദനങ്ങൾ.