' എൺപത് വയസിൽ നിങ്ങൾക്ക് യുവത്വമാണ്. തൊണ്ണൂറിൽ നിങ്ങളുടെ പൂർവികർ നിങ്ങളെ സ്വർഗത്തിലേക്ക് ക്ഷണിക്കും. അവരോട് നിങ്ങൾ പറയണം, നൂറ് തികയും വരെ കാത്തിരിക്കൂ എന്ന്. അതിന് ശേഷം വേണമെങ്കിൽ ക്ഷണം പരിഗണിക്കാം...'
ജപ്പാനിലെ ഒക്കിനാവാ ദ്വീപ സമൂഹത്തിലെ ഒജിമി എന്ന ഗ്രാമത്തിലെ പുരാതനമായ ശിലാഫലകത്തിലെ വാക്കുകളാണിത്. തമാശയാണെന്ന് കരുതണ്ട. നൂറ് വയസ് പിന്നിട്ട എഴുപതിനായിരത്തിലേറെപ്പേർ താമസിക്കുന്ന ജപ്പാനിലെ ആയുർദൈർഘ്യം കൂടിയ പ്രദേശമായ ഒക്കിനാവാ ദ്വീപുകാർക്ക് പോലും അത്ഭുതമാണ് അവിടുത്തെ ഒജിമി എന്ന ചെറുഗ്രാമം. മരണം തീണ്ടാൻ മടിക്കുന്ന നാടെന്ന് അറിയപ്പെടുന്ന ഇവിടം ലോകത്തിലെ ഏറ്റവും ആയുർദൈർഘ്യമുള്ള പ്രദേശമാണ്.
ഒജിമി ഗ്രാമത്തിൽ താമസിക്കുന്ന മൂവായിരത്തിൽപരം ജനങ്ങളിൽ ഇരുന്നൂറോളം പേർ തൊണ്ണൂറ് കഴിഞ്ഞവർ. അതിൽ പതിനഞ്ച് പേർ നൂറ് കഴിഞ്ഞവരും.
ഒക്കിനാവയിൽ സാമ്പത്തികമായി ഏറ്റവും പിന്നിൽ നിൽക്കുന്ന ഗ്രാമമാണ് ഒജിമി എന്നതും ഏറെ കൗതുകമുണർത്തുന്നു.
ബ്ലൂ സോൺ
ലോകത്തിലെ ഏറ്റവും ആയുർദൈർഘ്യം കൂടിയ അഞ്ച് പ്രദേശങ്ങളെ പൊതുവായി ബ്ലൂ സോൺ എന്ന് വിശേഷിപ്പിക്കുന്നു. ബ്ലൂ സോണിലെ ഏറ്റവും ആയുർദൈർഘ്യം കൂടിയ സ്ഥലമാണ് ഒജിമി അടങ്ങിയ ഒക്കിനാവ.
ഒജിമിക്കാരുടെ ദീർഘായുസിന്റെ രഹസ്യം എന്താണെന്നറിയണ്ടേ. ജനിതക പാരമ്പര്യം കൂടാതെ ഇകിഗായി എന്ന ജീവിത ശൈലിയും 'മൊ ആയി ' കൂട്ടായ്മകളും 'ഹാരാ ഹാച്ചിബു ' എന്ന ഭക്ഷണ രീതിയും ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങൾ അതിന് പിന്നിലുണ്ട്.
ഇകിഗായി
ജീവിതാന്ത്യം വരെ ലക്ഷ്യബോധത്തോടെ കർമ്മനിരതരായി, ആസ്വദിച്ച് ജീവിക്കുക എന്നതാണ് ഇകിഗായി. വയോധികർ അവിടെ സക്രിയമായി സമൂഹത്തിൽ ഇടപെടുന്നു. ഉദാഹരണമായി തോഷി കോ തായിറാ എന്ന 97 കാരി ചുറുചുറുക്കോടെ ബാഷോ ഫു എന്ന ലോക പ്രസിദ്ധമായ പരമ്പരാഗത വസ്ത്രം നെയ്യുന്നു. വാഴയുടെ വർഗത്തിൽപ്പെട്ട ഇതാബോഷോ എന്ന ചെടിയുടെ നേർത്ത നാരുപയോഗിച്ച് കണ്ണടയുടെ സഹായം പോലും ഇല്ലാതെയാണ് മുത്തശ്ശിയുടെ നെയ്‌ത്ത്. നൂറ് കഴിഞ്ഞവർ പോലും ജോലികളിൽ ഏർപ്പെടും. ഇഷ്ടമുള്ള ജോലി ചെയ്യുക, വിരമിക്കാതിരിക്കുക, സാവധാനം ആസ്വദിച്ച് ആയാസരഹിതമായി ജോലി ചെയ്യുക. ഇങ്ങനെ സന്തോഷം നൽകുന്ന, മികവ് ബോധ്യമുള്ള പ്രവർത്തികളിലേർപ്പെട്ട് അർത്ഥപൂർണമായി ജീവിച്ചാൽ ഇകി ഗായി നേടി എന്ന് പറയാം.
മൊ ആയി
നമ്മുടെ അയൽക്കൂട്ടങ്ങൾ പോലെ സമാന ചിന്താഗതിക്കാരുടെ കൂട്ടായ്‌മകളാണ് 'മൊ ആയി.' വ്യക്തികളെ സാമ്പത്തികമായി സഹായിക്കാൻ തുടങ്ങിയ കൂട്ടായ്മകൾ ഇന്ന് വിവിധ സ്വഭാവമുള്ള 'മൊ ആയി 'കളായി പരിണമിച്ചിരിക്കുന്നു. ഈ പാരസ്പര്യം നൽകുന്ന ആശ്വാസവും സന്തോഷവും ഇവരുടെ ദീർഘായുസ്സിന്റെ പ്രധാന ചേരുവയാണ്. ചെറിയ പ്രായത്തിൽ തുടങ്ങുന്ന മൊ ആയികൾ നൂറാം വയസ്സിലും തുടരുന്നു.
ഹാരാ ഹാച്ചിബു
എൺപത് ശതമാനക്കിലധികം ഭക്ഷണം കഴിക്കാതിരിക്കുക എന്ന പാരമ്പര്യ രീതിയാണിത്. പൊതുവേ കലോറി കുറഞ്ഞ ഭക്ഷണമടങ്ങിയ ഒജിമി രീതിയോടൊപ്പം ഹാരാ ഹാച്ചിബുവും ചേരുമ്പൊ കൊളസ്‌ട്രോളൊന്നും പരിസരത്തടുക്കില്ല.കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കി ധാരാളം മത്സ്യവും മധുരക്കിഴങ്ങും കടുത്ത നിറങ്ങളടങ്ങിയ പച്ചക്കറികളും ആൽഗെകളും പഴങ്ങളും ആണ് ഒജിമിക്കാരുടെ ഭക്ഷണം. മിക്കതും സ്വയംകൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നതാണ്. ധാരാളം സോയാബീൻസ് ഇവർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. ഉപ്പിന്റെ ഉപയോഗം വളരെ പരിമിതമാണ് എന്നതും ദീർഘായുസിന്റെ കാരണങ്ങളിൽ ഒന്നാണ്.
ഷിക്വാസ
നാരങ്ങാ വർഗത്തിൽപെട്ട ഷിക്വാസ എന്ന ഫലം ഇവിടെ ധാരാളമായി കൃഷി ചെയ്യുന്നു. കാൻസറിനെ പ്രതിരോധിക്കുന്ന നൊബിലെറ്റിൻ എന്ന സംയുക്തം അടങ്ങിയതാണ് ഷിക്വാസ . സ്ഥിരമായി ഷിക്വാസ ഉപയോഗിക്കുന്നതിനാലാകാം കാൻസർ ഒജിമിക്കാരെ തൊടാറില്ല. ഇവർ ധാരാളമായി കഴിക്കുന്ന മധുരക്കിഴങ്ങിലടങ്ങിയ സ്‌പൊറാമിനും ചെറുപ്പം നിലനിർത്താൻ സഹായിക്കുന്ന മറ്റൊരു ഘടകമാണ്.
എപ്പോഴും കർമ്മനിരതരായിരിക്കുന്നതും ധാരാളമായി മത്സ്യം കഴിക്കുന്നതും കാൽസ്യത്തിന്റെ അളവ് നിലനിറുത്തുന്നു. മറ്റു നാട്ടുകാരെ പോലെ വയോജനങ്ങളിൽ അസ്ഥികൾക്ക് ക്ഷയം സംഭവിക്കുന്നില്ല.
കരാട്ടേ
കരാട്ടേയുടെ ഉത്ഭവം ഒജിമിയിലാണെന്നാണ് കരുതപ്പെടുന്നത്. ഇപ്പോഴും വളരെ പ്രായം ചെന്നവർ പോലും കരാട്ടേ പരിശീലിക്കുന്നു. എഴുപത്തിയഞ്ചാം വയസിലും ചടുലതയോടെ കരാട്ടേ പരിശീലിപ്പിക്കുന്ന തമോയോസേ, ജീവിതത്തിൽ ഒരിക്കൽ പോലും ആശുപത്രിയിൽ പോയിട്ടില്ല.
അങ്ങനെ, സംസ്‌കാരവും ജീവിത ശൈലിയും ഭക്ഷണവും ഒക്കെ ചേർന്ന് സംഭാവന ചെയ്യുന്നതാണ് ഒജിമിയിലെ നൂറു കടന്ന ചെറുപ്പക്കാരുടെ ചുറുചുറുക്ക്.