p-j-joseph-jose-k-mani

ഇടുക്കി: ജോസ് കെ മാണി പക്ഷം യു.ഡി.എഫിൽ ഇല്ലാത്ത സാഹചര്യത്തിൽ തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകളിൽ സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് പി.ജെ ജോസഫ്. കൂടുതൽ സീറ്റുകൾ തങ്ങൾക്ക് വേണ്ട. കൂടുതൽ സീറ്റുകൾ തന്നാലും വാങ്ങില്ല. എന്നാൽ സ്റ്റാറ്റസ്‌കോ പാലിക്കണമെന്ന് പി.ജോ ജോസഫ് വ്യക്തമാക്കി.

കോട്ടയത്ത് നിന്നുളള തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രതിനിധികളെല്ലാം കൂട്ടത്തോടെ ജോസ് പക്ഷം വിട്ട് തങ്ങളുടെ അടുത്തേക്ക് എത്തുകയാണ്. കൂടുതൽ സീറ്റുകളിൽ മത്സരിക്കുമെന്നോ ആവശ്യപ്പെടുമെന്നോ ഒരു കോൺഗ്രസ് നേതാവും പറഞ്ഞിട്ടില്ല. കേരള കോൺഗ്രസ് മത്സരിച്ച സീറ്റുകളിൽ കേരള കോൺഗ്രസ് തന്നെ മത്സരിക്കണം, ജോസ് കെ മാണിയെ പരാജയപ്പെടുത്തണം എന്നീ കാര്യങ്ങൾ വിശദമായി കോൺഗ്രസ് നേതാക്കളുമായി ചർച്ച ചെയ്‌തെന്നും പി.ജെ. ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

മാണി ഗ്രൂപ്പിലെ നേതാക്കന്മാരായ സി.എഫ് തോമസ്, തോമസ് ഉണ്ണിയാടൻ, ജോസഫ് എം പുതുശേരി, അറയ്‌ക്കൽ ബാലകൃഷ്‌ണപ്പിളള, ജോയ് എബ്രഹാം, വിക്‌ടർ തോമസ് തുടങ്ങിയവരെല്ലാം തങ്ങൾക്കൊപ്പം വന്നു. ഒരു നേതാവും ജോസിനൊപ്പമില്ല. ഇടയ്‌ക്കിടെ അർത്ഥശൂന്യമായ പ്രസ്‌താവന നടത്തുന്ന റോഷി അഗസ്‌റ്റിൻ മാത്രമേ ജോസിന് ഒപ്പമുളളൂ. റോഷി ജോസ് കെ മാണിയുടെ കുഴലൂത്തുകാരനായി മാറി കൊണ്ടിരിക്കുകയാണ്.

ജോസ് വിഭാഗം ദിശാബോധം ഇല്ലാതെ ഒഴുകി നടക്കുന്ന കൊതുമ്പ് വളളമാണ്. ഏത് സമയം വേണമെങ്കിലും അത് മുങ്ങും. പെങ്ങളെ കെട്ടിയ ആളാണ് ഇന്നലെ ജോസിന് എതിരെ പ്രസ്‌താവന നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയായ സാലിയെയാണ് തങ്ങൾ പാലായിൽ സ്ഥാനാർത്ഥിയായി നിശ്‌ചയിച്ചത്. എന്നാൽ സഹോദരിയെ സ്ഥാനാർത്ഥിയാക്കാൻ ജോസ് തയ്യാറായില്ലെന്നും ജോസഫ് പറഞ്ഞു.