
വാഷിംഗ്ടൺ ഡി.സി: വിവാദങ്ങൾ അമേരിക്കൻ പ്രസിഡന്റ് ട്രംപിന് എന്നും കൂട്ടാണ്. ഏറ്റവുമൊടുവിലേത് മിനസോട്ടയിൽ നിന്നുളള അമേരിക്കൻ ജനപ്രതിനിയായ ഇൽഹാൻ ഒമറിനെതിരായ അതിരുകടന്ന പരാമർശമാണ് . അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്ളോറിഡയിലെ ഒകാലയിൽ നടന്ന റാലിയിലാണ് ഇൽഹാൻ ഒമറിനെതിരെ ട്രംപ് ആഞ്ഞടിച്ചത്. ഇൽഹാനെ കുറിച്ച് ഫ്ളോറിഡയിൽ ട്രംപ് പറഞ്ഞത് ഇങ്ങനെ: 'നമ്മുടെ രാജ്യത്തെ അവർ എതിർക്കുന്നു. ഒരു സർക്കാർ പോലുമില്ലാത്തയിടത്ത് നിന്നും നിയമവിരുദ്ധമായി ഇവിടെ കുടിയേറിയവരാണ് ഇൽഹാൻ ഒമർ. അതിന് ശേഷം സർക്കാർ എങ്ങനെ ഭരിക്കണമെന്ന് നമ്മെ പറഞ്ഞ് പഠിപ്പിക്കുകയാണ് അവർ.' ഇൽഹാനെതിരെ നിയമവകുപ്പ് വിശദമായി അന്വേഷിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
സൊമാലിയയിൽ ജനിച്ച ഇൽഹാൻ ഒമർ രാജ്യത്തെ ആഭ്യന്തര കലാപത്തെ തുടർന്നാണ് 1995ൽ തന്റെ 12ആമത്തെ വയസിൽ പലായനം ചെയ്‌ത് അമേരിക്കയിലെത്തിയത്.അഞ്ച് വർഷത്തിന് ശേഷം രാജ്യത്തെ പൗരത്വം ഇൽഹാന് ലഭിച്ചു. 2018ൽ അമേരിക്കൻ കോൺഗ്രസിലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ സൊമാലി അമേരിക്കൻ വനിതയാണ് ഇൽഹാൻ.
വർണവെറിക്ക് പേരുകേട്ട അമേരിക്കയിലെ യാഥാസ്ഥിതിക മാദ്ധ്യമങ്ങൾ ഇൽഹാന്റെ ഭർത്താവ് സ്വന്തം സഹോദരൻ തന്നെയാണെന്നും കുടിയേറ്റ കടമ്പകൾ മറികടക്കാനാണ് അങ്ങനെ ചെയ്‌തതെന്നും കഥകൾ പ്രചരിപ്പിച്ചിരുന്നു. മാത്രമല്ല സ്വന്തം സഹോദരങ്ങളെയും ഇൽഹാന് തിരിച്ചറിയാനായില്ലെന്നും പറഞ്ഞിരുന്നു. ഈ വാദങ്ങളെയെല്ലാം ഇൽഹാൻ ശക്തമായി തളളിക്കളഞ്ഞിരുന്നു.
ഇൽഹാനെ കുറിച്ച് മാത്രമല്ല കോൺഗ്രസ് പ്രതിനിധികളായ വനിതകളെ കുറിച്ചെല്ലാം മുൻപ് ട്രംപ് മോശമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അമേരിക്കൻ ജനപ്രതിനിധി സഭയുടെ സ്‌പീക്കറായ നാൻസി പെലോസിയെയും ട്രംപ് ഈ ആരോപണത്തിനൊപ്പം പരാമർശിച്ചു. 'പെലോസിയുടെ സഭയിലുളളവർ ഇസ്രായേലിനെ എതിർക്കുകയും ഒമറിനെ വിശ്വസിക്കുകയും ചെയ്യുന്നവരാണ്'. എന്നാൽ ഇൽഹാൻ ഒമറിനെതിരായ ആരോപണങ്ങൾക്കൊന്നും തെളിവുകളില്ല എന്നാണ് വിവരങ്ങൾ അന്വേഷിച്ച മാദ്ധ്യമ പ്രവർത്തകർക്ക് മനസ്സിലാക്കാനായത്