
ലക്‌നൗ: ഉത്തർപ്രദേശിലെ ഫിറോസബാദിൽ ബി.ജെ.പി നേതാവ് ഡി.കെ ഗുപ്‌തയെ ബൈക്കിലെത്തിയ അജ്ഞാതസംഘം വെടിവച്ച് കൊന്നു. ഗുപ്‌ത തന്റെ കട പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം വെടിയുതിർത്തത്. വെടിയേറ്റ ഗുപ്‌തയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയം.
കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാൾ അടക്കം മൂന്നുപേർ കസ്റ്റഡിയിലുണ്ടെന്നും ചോദ്യം ചെയ്യൽ പുരോഗമിക്കുന്നുവെന്നുമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. സംശയിക്കുന്നവരുടെ പേരുകൾ കുടുംബം കൈമാറിയതിനെ തുടർന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്രാദേശിക ബി.ജെ.പി പ്രവർത്തകനായ വിരേഷ് തോമറിനെയും അദ്ദേഹത്തിന്റെ ബന്ധുക്കളായ നരേന്ദ്ര തോമറിനെയും ദേവേന്ദ്ര തോമറിനെയുമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. വിരേഷ് തോമർ അടുത്തിടെയാണ് ബി.ജെ.പിയിൽ ചേർന്നത്. വിരേഷിന്റെ പാർട്ടി പ്രവേശനത്തിൽ ഗുപതയ്‌ക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. കൊല്ലപ്പെട്ട ദയാശങ്കറും കസ്റ്റഡിയിലുള്ള വിരേഷും അടുത്തിടെ ഫേസ്ബുക്കിലൂടെ പരസ്പരം തർക്കിച്ചിരുന്നുവെന്ന് പൊലീസും വ്യക്തമാക്കി.