kk-shylaja-pinarayi-

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റുകൾ കുറയുന്നതിനെ രൂക്ഷമായി വിമർശിച്ച് കെ പി സി സി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്. പരിശോധനകളുടെ എണ്ണം കുറച്ച സർക്കാർ ചതിക്കെതിരെ കോടതി സ്വമേധയാ ഇടപെടണമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയും ആരോഗ്യവകുപ്പ് മന്ത്രിയും പരിശോധനകളുടെ എണ്ണം കുറച്ച്, കേസുകളുടെ എണ്ണം കുറച്ചു കാണിച്ച് മുഖം രക്ഷിക്കാൻ ശ്രമിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം വിമർശിച്ചു. ആരോഗ്യ വിദഗ്ദ്ധ‌ർ അപ്രായോഗികമെന്ന് വിശേഷിപ്പിക്കുന്ന ന്യൂ കേരള മോഡൽ ചികിത്സാരീതി അറബികടലിൽ എറിയൂവെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കോവിഡ് 19, പരിശോധനകളുടെ എണ്ണം കുറച്ച സർക്കാർ ചതിക്കെതിരെ കോടതി സ്വമേധയാ ഇടപെടണം.

ദിനംപ്രതി വഷളാകുന്ന സ്ഥിതിയിൽ നിന്നും മുഖം രക്ഷിക്കാൻ മുഖ്യമന്ത്രിയും ആരോഗ്യവകുപ്പ് മന്ത്രിയും പരിശോധനകളുടെ എണ്ണം കുറച്ച്, കേസുകളുടെ എണ്ണം കുറച്ചു കാണിച്ച് മുഖം രക്ഷിക്കാൻ ശ്രമിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. ആരോഗ്യ വിദഗ്ദർ അപ്രായോഗികമെന്ന് വിശേഷിപ്പിക്കുന്ന New Kerala Model ചികിത്സാരീതി അറബികടലിൽ എറിയൂ.. പരിശോധനകൾ വർദ്ധിപ്പിക്കൂ... ജനത്തെ രക്ഷിക്കൂ..

എന്തൊക്കെ വെല്ലുവിളിയാണ് നടത്തിയിരുന്നത്? ഇപ്പോ കാര്യങ്ങൾ കൈവിടുമ്പോൾ കൈമലർത്തിക്കാണിച്ചാൽ ജനം കൈയ്യും കെട്ടി നോക്കിയിരിക്കുമെന്ന് കരുതേണ്ടാ.

സെപ്റ്റംബർ 15ന് 41,054 കേസുകൾ പരിശോധിച്ചപ്പോൾ പോസിറ്റിവിറ്റി നിരക്ക് (TPR) 7.83% ശതമാനമായിരുന്നുവെങ്കിൽ ഒക്ടോബർ 15 ആയപ്പോൾ TPR 15.53% മായി ഇരിട്ടിച്ചു. എന്നാൽ TPR ഇരട്ടിച്ചപ്പോൾ പരിശോധനയുടെ എണ്ണം വർദ്ധിച്ചത് വെറും 22% മാത്രം അതായത് 41,054 -ൽ നിന്നും 50,154 എന്ന നേരിയ വർദ്ധന.

ഇത് വൻ ചതിയാണ് കണക്കുകൾ നോക്കുന്ന ഓരോ വ്യക്തിക്കും പിണറായി സർക്കാരിന്റെ ചതിയുടെ ആഴം മനസ്സിലാക്കാം. ഒക്ടോബർ 11 ന് 61,629 പരിശോധനകൾ നടത്തിയപ്പോൾ തൊട്ടടുത്ത ദിവസം അതിന്റെ എണ്ണം കുത്തനെ കുറഞ്ഞു 38,259-ൽ എത്തി.ചെറിയ ഒരു വർദ്ധനവ് ഒക്ടോബർ 13 ന് വരുത്തി ,48,253 പേരെ പരിശോധിച്ചതിന് ശേഷം ഇന്നലെവരെ പരിശോധിച്ച രോഗികളുടെ കണക്ക് നിരാശപ്പെടുത്തുന്നതാണ്.

കടുത്തരോഗലക്ഷണമുള്ളവരെ മാത്രം പരിശോധിക്കുവാനുള്ള പുതിയ തീരുമാനം രാജ്യദ്രോഹമാണ്. സ്റ്റേറ്റിനോട് ചെയ്യുന്ന ഈ കൊടിയ ക്രൂരത അവസാനിപ്പിക്കണം എന്തുകൊണ്ടെന്നാൽ ഇറ്റലിയിൽ കോവിഡിന്റെ രണ്ടാ വരവ് അതിഭീകരമാണെന്നാണ് റിപ്പോർട്ട് അതിനാൽ സർക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ ജനരോക്ഷമിരമ്പേണ്ടത് അടിയന്തരമായ ഒരു കാര്യമാണ്.

സ്വകാര്യ ലാബുകളെ സഹായിക്കാനുള്ളതാണോ ഈ നീക്കമെന്ന് സംശയിക്കേണ്ടതുണ്ട്.അങ്ങനെയെങ്കിൽ പാവപ്പെട്ട രോഗികളുടെ അവസ്ഥയെന്താകും?

രോഗികളുടെ എണ്ണം കുറച്ചു കാണിച്ച് ലോക റെക്കോഡ് ഇടാൻ ഇനിയെന്തായാലും സാധിക്കില്ല. ആവഴിക്ക് PR വർക്കിന് മുടക്കിയ തുക പരിശോധനാ കിറ്റുകൾ വാങ്ങിയിരുന്നുവെങ്കിൽ അത് രോഗികൾക്ക് ഉപകാരപ്പെടുകയെങ്കിലും ചെയ്യുമായിരുന്നു.

ഹൈലെവൽ കേന്ദ്ര സംഘം പരിശോധനക്ക് കേരളത്തിൽ വരുന്നുവെന്നറിയുന്നു.കോവിഡ് 19 നെ ഭരണനേട്ടത്തിന്, പ്രതിപക്ഷങ്ങളെ ഭസ്മീകരിക്കുന്നതിന് വിനിയോഗിക്കുന്ന കേന്ദ്ര കേരളന്മാർ ഒരേ തൂവൽ പക്ഷികൾ തന്നെയല്ലെ?? എത് വിഷയത്തിനും മോദിക്ക് പഠിക്കുന്ന പിണറായി വിജയൻ വാസ്തവത്തിൽ പാവപ്പെട്ട ജനത്തെ കൊല്ലാൻ ശ്രമിക്കുകയാണ്.

രോഗം മൂർദ്ധന്യതയിലേക്ക് കുതിക്കുമ്പോൾ ആനുപാതികമായി പരിശോധന നടത്താതെ ഉള്ളതിനെപ്പോലും കുറയ്ക്കുന്നത് ഊതിവീർപ്പിച്ച ശക്തിയുടെ ചോർച്ചയുടെ തെളിവാണ്.

വീരവാദങ്ങൾ പൊളിഞ്ഞു,ഇനി പാവങ്ങളെ ബലി കൊടുക്കാനാണോ തീരുമാനം? കേരള ജനത സടകുടെഞ്ഞെഴുന്നേൽക്കുക ഇല്ലെങ്കിൽ മഹാമാരി എല്ലാം തകർത്തെറിയും.

ഇതുവരെ 1,113 മരണം. മരിച്ചവരേറെയും പാവങ്ങൾ.സമ്പർക്ക വ്യാപനവും ഉറവിട മറിയാത്തവ്യാപനവും തകൃതി. സർക്കാരാകട്ടെ എന്തുവന്നാലും പ്രതിഛായ നന്നാക്കാൻ നെട്ടൊട്ടമോടുന്നു. അതിന് വേണ്ടി പരിശോധനകൾ കുറച്ച് രോഗികളുടെ എണ്ണം കുറച്ച് കാണിക്കാൻ വ്യഥാശ്രമം നടത്താൻ തീരുമാനിച്ചിരിക്കുന്നു.

ഇത് ഭരണഘടനാവിരുദ്ധമാണ്. ജീവിക്കുവാനുള്ള പൗരന്റെ അവകാശത്തെയാണ് ഇവിടെ നിഷേധിക്കുന്നത് .പൗരന്റെ ജീവനും സ്വത്തും ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടതാണ്. എന്തിൽ നിന്നും പൗരന്റെ ജീവൻ സംരക്ഷിക്കാൻ സ്റ്റേറ്റിന് ഉത്തരവാദിത്വമുണ്ട്. എതെങ്കിലും തരത്തിൽ അതിന് ഗ്ലാനിവന്നെന്നാൽ,വരുകിൽ, നീതിപീഠത്തിന് സ്വമേധയാ അതിൽ ഇടപെടാമെന്ന തത്വം ഇവിടെ പ്രാവർത്തികമാക്കപ്പെടണം. അധികാര രാഷ്ട്രീയം കൊണ്ട് പൗരാവകാശങ്ങൾ ഘനിക്കപ്പെടുമ്പോൾ നീതിപീഠമല്ലാത്തെ മറ്റെന്താണ് ശരണം!

മണക്കാട് സുരേഷ് KPCC ജനറൽ സെക്രട്ടറി