
''സിപിഐ യുടേത് കമ്മ്യൂണിസ്റ്റ് സമീപനമല്ല'' എന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പർ സ: എസ് രാമചന്ദ്രൻ പിള്ള ഒക്‌ടോബർ 16 ലെ കേരളകൗമുദി പത്രത്തിൽ അഭിപ്രായപ്പെട്ടത് കണ്ടു. 1920 ൽ താഷ്‌കന്റിൽ രൂപീകരിച്ചതാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. 1964ൽ രൂപീകൃതമായ സി.പി.എം അന്നുമുതൽ പ്രചരിപ്പിക്കുന്നതും ഈ നിലപാടാണ്. 1920 ൽ താഷ്‌കന്റിൽ ചേർന്ന ഇന്ത്യാക്കാരായ കമ്മ്യൂണിസ്റ്റുകാരുടെ തുടർച്ചയാണ് 1964 ൽ രൂപീകരിക്കപ്പെട്ട സി പി ഐ (എം) എന്നു പറയുന്നതിന് അവർക്കവകാശമുണ്ട്.
എന്നാൽ കമ്മ്യൂണിസ്റ്റു പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) എന്ന പേരിൽ ഒരു പാർട്ടി രൂപീകരിക്കുന്നത് 1925 ഡിസംബർ 25 മുതൽ 28 വരെ കാൺപൂരിൽ നടന്ന സമ്മേളനത്തിൽ വച്ചാണ്. അതിൽ ''കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ'' എന്ന പേരിൽ പാർട്ടി രൂപീകരിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കുന്നത് ഡിസംബർ 26 നായതുകൊണ്ടാണ് 1925 ഡിസംബർ 26 സി.പി.ഐ യുടെ സ്ഥാപകദിനമായി കണക്കാക്കുന്നത്.
1920 ഒക്‌ടോബർ 17 ന് താഷ്‌കന്റിൽ എം.എൻ റോയി, ഇവലീൻ ട്രന്റ് റോയി, അബനീ മുഖർജി, റോസാ ഫിറ്റിൻഗോവ്, മുഹമ്മദ് അലി, മുഹമ്മദ് ഷഫീക്കി സിദ്ദിഖി, ആചാര്യ എന്നീ ഏഴ് സഖാക്കൾ കൂടി ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടി എന്ന പേരിൽ ഒരു പാർട്ടി ടർക്കിസ്ഥാനിൽ രജിസ്റ്റർ ചെയ്യാൻ തീരുമാനിക്കുകയും കോമിന്റേണിന്റെ ടർക്കിസ്ഥാൻ ബ്യൂറോയുടെ രാഷ്ട്രീയ നേതൃത്വത്തിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതായും ''ഫോറിൻ കമ്മ്യൂണിസ്റ്റ്സ് ഇൻ ടർക്കിസ്ഥാൻ'' എന്ന ഡോക്യുമെന്റിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇത് ചരിത്രത്തിന്റെ ഭാഗമാണ്.
അതിനെ കോമിന്റേണും (കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ) ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടിയും ഒരു കമ്മ്യൂണിസ്റ്റ് ഗ്രൂപ്പായി മാത്രമെ കണക്കാക്കിയിട്ടുള്ളൂ. ജർമ്മനി, കാനഡ തുടങ്ങിയ രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായ ഇന്ത്യാക്കാർ ഇത്തരം ഗ്രൂപ്പുകൾ രൂപീകരിച്ചിരുന്നു.
കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ അഞ്ചാം കോൺഗ്രസ് 1924 ജൂണിൽ മോസ്‌കോയിൽ വച്ചും ആ സമ്മേളനം തിരഞ്ഞെടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി (ഇ.സി.സി.ഐ) യുടെ പ്ലീനം 1925 മാർച്ചിലും നടന്നു. ഇന്ത്യ, ഇന്തോനേഷ്യ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിലെ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ കമ്മ്യൂണിസ്റ്റുകാരുടെ പങ്കിനെക്കുറിച്ചും പ്ലീനം ഗൗരവമായി ചർച്ച ചെയ്തു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിച്ചമർത്തലിനെതിരെ ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനവും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവും ഒരുവശത്ത് ശക്തമായി നിലകൊള്ളുന്നുണ്ട് എങ്കിലും മറുവശത്ത് ദേശീയ വിമോചന പ്രസ്ഥാനത്തിലെ ചില വൈരുദ്ധ്യങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സമരങ്ങളെ ദുർബലപ്പെടുത്തുന്നു എന്ന് കോമിന്റേൺ വിലയിരുത്തി. എങ്കിലും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർ നാഷണൽ കോൺഗ്രസ് പാർട്ടിയോടൊപ്പം നിന്നുകൊണ്ട് ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ അണിചേരണമെന്ന് കോമിന്റേൺ നിർദ്ദേശിച്ചു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരുടെ ഏറ്റവും പ്രധാനപ്പെട്ട കടമ 'ഇന്ത്യയിലെ വിവിധ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളെ ഒരുമിപ്പിച്ച് ഒരു സ്വതന്ത്രവും കേന്ദ്രീകൃതവും ശക്തവുമായ തൊഴിലാളിവർഗ പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുകയെന്നതാണ്.ഇതിന്റെയെല്ലാം ഫലമായി ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടു പ്രവർത്തിച്ചിരുന്ന ബോംബെയിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പ്, ബംഗാളിലെ അനുശീലൻ സമിതി, ലക്നൗ ഗ്രൂപ്പ്, ബനാറസ് ഗ്രൂപ്പ്, മദ്രാസിലെ ശിങ്കാരവേലു ചെട്ടിയാർ നേതൃത്വം നൽകിയ മദ്രാസ് ലേബർ കിസാൻ പാർട്ടി, ബംഗാളിലെ നൗ ജവാൻ ഗ്രൂപ്പ് തുടങ്ങിയ കമ്മ്യൂണിസ്റ്റു ഗ്രൂപ്പുകളെ ഒരുമിപ്പിച്ചുകൊണ്ട് 1925 ഡിസംബർ 26 ന് 'കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ' രൂപീകരിക്കപ്പെട്ടു.
1928 ജൂലൈ 17 മുതൽ സെപ്‌തംബർ ഒന്നുവരെ മോസ്‌കോവിൽ വച്ച് കോമിന്റേണിന്റെ ആറാം കോൺഗ്രസ് ചേർന്നു. ലോകത്തെ 57 കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ നിന്നും ഒൻപത് അന്താരാഷ്ട്ര സംഘടനകളിൽ നിന്നുമായി 533 പ്രതിനിധികൾ പങ്കെടുത്തു. സമ്മേളനത്തിന്റെ കിഴക്കൻ രാജ്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിൽ ''1925 ഡിസംബറിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും 1925 ഏപ്രിലിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കൊറിയയും രൂപീകരിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്.
മറ്റൊരു പ്രധാനപ്പെട്ട സംഭവം ഇന്തോനേഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിലെ പാർട്ടി രൂപീകരണത്തെക്കുറിച്ച് അതിന്റെ വിവരങ്ങൾ ആരാഞ്ഞുകൊണ്ടുള്ള ഒരു കത്ത് ഇന്ത്യൻ പാർട്ടി നേതൃത്വത്തിന് നൽകിയിരുന്നു. ആ കത്ത് 1959 ൽ ബി ടി രണദിവെയുടെ അദ്ധ്യക്ഷതയിൽ കൂടിയ നാഷണൽ എക്സിക്യൂട്ടീവ് ചർച്ചയ്‌ക്കെടുത്തു.
ഇന്ത്യയിലെ പാർട്ടി രൂപീകരണത്തെക്കുറിച്ചുള്ള വിശദമായ മറുപടി നൽകി. യോഗത്തിന്റെ അദ്ധ്യക്ഷൻ എന്ന നിലയിൽ ബി.ടി രണദിവെ കൂടി ഒപ്പിട്ടു നൽകിയ കത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രൂപീകരിച്ചത് 1925 ഡിസംബർ 26ന് ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചരിത്രം സത്യമാണ്. അത് വ്യാഖ്യാനിച്ചു മാറ്റാൻ കഴിയില്ല.
അതിനുപകരം ''സി.പി.ഐ യുടേത് കമ്മ്യൂണിസ്റ്റ് സമീപനമല്ല'' എന്ന വ്യാഖ്യാനം ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്.
വസ്തുതകൾ ഇതായിരിക്കെ യാഥാർത്ഥ്യങ്ങളെ മറച്ചു പിടിക്കുന്നത് ആരെയോ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണെന്ന് തോന്നിപ്പോകുന്നു.
(സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറിയാണ് ലേഖകൻ )