covid-19

ലോകം മുഴുവൻ കൊവിഡുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളും, വാക്സിൻ പരീക്ഷണങ്ങളുമൊക്കെ നടന്നുകൊണ്ടിരിക്കുകയാണ്. കൊവിഡും രക്ത ഗ്രൂപ്പും തമ്മിൽ ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. 'ബ്ലഡ് അഡ്വാൻസസിൽ' പ്രസിദ്ധീകരിച്ച രണ്ട് സമീപകാല പഠനങ്ങൾ കാണിക്കുന്നത് 'ഒ' രക്തഗ്രൂപ്പ് ഉള്ള ആളുകൾക്ക് കൊവിഡ് 19 ബാധിക്കാനുള്ള സാദ്ധ്യത കുറവാണെന്നാണ്.

എന്നാൽ ഈ രക്ത ഗ്രൂപ്പിന് കൊവിഡ് ബാധിക്കാൻ ഒട്ടും സാദ്ധ്യതയില്ലെന്നോ, മറ്റ് ഗ്രൂപ്പുകൾക്ക് സാദ്ധ്യത കൂടുതലാണെന്നോ ഇതിന് അർത്ഥമില്ലെന്ന് ഗവേഷകർ പറയുന്നു.കൊവിഡ് ബാധിതരിൽ നടത്തിയ പഠനത്തിൽ 'ഒ' രക്ത ഗ്രൂപ്പിൽപ്പെട്ട കുറച്ചുപേരെ ഉണ്ടായിരുന്നുള്ളു. താരതമ്യേന മറ്റ് രക്ത ഗ്രൂപ്പിൽപ്പെട്ടവരിൽ കൂടുതലായി വൈറസ് ബാധ കാണപ്പെട്ടു. എ, ബി, എബി ഗ്രൂപ്പിൽപ്പെട്ടവർക്ക് കൊവിഡ് 19 ബാധിക്കാനുള്ള സാദ്ധ്യത 'ഒ'യെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്നാണ് ഇത് അർത്ഥമാക്കുന്നത്.


എന്നിരുന്നാലും, എ, ബി, എബി ഗ്രൂപ്പുകൾ തമ്മിലുള്ള അണുബാധയുടെ തോതിൽ കാര്യമായ വ്യത്യാസമൊന്നും ഗവേഷകർ കണ്ടെത്തിയിട്ടില്ല. 2020 ഫെബ്രുവരി-ജൂലൈ മാസങ്ങൾക്കിടയിൽ 473,654 സാമ്പിളുകളാണ് ഡെന്മാർക്കിൽ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ 7,422 ആളുകളുടെ പരിശോധനാ ഫലം പോസിറ്റീവായി. ഈ സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ രക്ത ഗ്രൂപ്പുകൾക്ക് പ്രധാന പങ്കുള്ളതായി ഗവേഷകർ കണ്ടെത്തി. "ഒ ഗ്രൂപ്പിൽ പെട്ട രക്തമുള്ള ആളുകൾക്ക് സാർസ്-കോവ്-2 വൈറസ് ബാധ കുറവാണെന്ന് കണ്ടെത്തി."- പഠനത്തിൽ പറയുന്നു. പരിശോധിക്കപ്പെട്ട 62% ആളുകളുടെ രക്തഗ്രൂപ്പ് വിവരങ്ങൾ മാത്രമാണ് ലഭ്യമായത്. അതിനാൽ പഠനത്തിലെ കണ്ടെത്തലുകൾ പരിമിതമാണ്.