
നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നമിത പ്രമോദ് ജയസൂര്യയുടെ നായികയാകുന്നു. നാദിർഷ സംവിധാനം ചെയ്ത ആദ്യചിത്രമായ അമർ അക്ബർ അന്തോണിയിലും നമിതയായിരുന്നു ജയസൂര്യയുടെ നായിക. വൻവിജയം  നേടിയ  അമർ അക്ബർ അന്തോണി അഞ്ചു വർഷം പിന്നിടുമ്പോഴാണ് ജയസൂര്യയും നാദിർഷയും നമിത പ്രമോദും വീണ്ടും ഒന്നിക്കുന്നത്.  അരുൺ നാരായണൻ  പ്രൊഡ ക്ഷൻസിന്റെ ബാനറിൽ  അരുൺ നാരായണൻ നിർമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബർ 10ന് ആരംഭിക്കും.സലിം കുമാർ ആണ് മറ്റൊരു താരം. മഞ്ജുവാര്യരും ഇന്ദ്രജിത്തും നായികാ നായകന്മാരായ മോഹൻലാൽ എന്ന ചിത്രത്തിന്റെ രചന നിർവഹിച്ച സുനീഷ് വാരനാടാണ് ഇൗ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.  ദിലീപിനെ നായകനാക്കി നാദിർഷ ഒരുക്കുന്ന കേശു ഇൗ വീടിന്റെ നാഥൻ ചിത്രീകരണം പൂർത്തിയാകാനുണ്ട്. ഉർവശി നായികയാവുന്ന ഇൗ ചിത്രത്തിലെ രണ്ടു ഗാനങ്ങളാണ് ഇനി ചിത്രീകരിക്കാൻ അവശേഷിക്കുന്നത്.