
കൊല്ലം: കൊല്ലത്തെ വിവിധ കിഫ്ബി പദ്ധതികൾക്ക് എം.എൽ.എ മുകേഷ് നൽകിയ മറുപടിയ്‌ക്ക് എതിരെ കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ. കൊല്ലം മണ്ഡലത്തിലെ കിഫ്ബി പദ്ധതികൾ അസംബ്ളി മണ്ഡലത്തിൽ ഉൾപ്പെടുന്നതല്ല എന്നാണ് മുകേഷ് നൽകിയ മറുപടി. അങ്ങനെയെങ്കിൽ എം.എൽ.എ തന്നെ ആ പദ്ധതികൾ വൈബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെടണമെന്നും ഇല്ലാത്ത വർക്കുകൾ അപ്‌ലോഡ് ചെയ്‌ത ഉദ്യോഗസ്ഥർ മുകേഷിനെ കണ്ട് തോമസ്‌കുട്ടീ വിട്ടോടാ എന്ന് പറഞ്ഞ് ഓടിപ്പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ശൂരനാട് രാജശശേഖരൻ തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ എം.എൽ.എയെ ഓർമ്മിപ്പിക്കുന്നു.
ശൂരനാട് രാജശേഖരന്റെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം ചുവടെ:
കൊല്ലം മണ്ഡലത്തിലെ കിഫ് ബി പദ്ധതികളെ പറ്റി ഞാനിട്ട ഫേസ് ബുക്ക് പോസ്റ്റിന് പ്രീയപ്പെട്ട സുഹൃത്ത് മുകേഷ് എം.എൽ.എ യുടെ മറുപടി വായിച്ചു. 1. ഞാൻ ഉന്നയിച്ച കിഫ് ബി പദ്ധതികൾ പലതും കൊല്ലം അസംബ്ളി മണ്ഡലത്തിൽ ഉൾപ്പെടുന്നതല്ല എന്നാണ് എം.എൽ.എ സൂചിപ്പിക്കുന്നത്. കിഫ് ബി യുടെ വെബ്സൈറ്റിൽ അസംബ്ലി മണ്ഡലങ്ങൾ തിരിച്ച് പ്രൊജക്ടുകളുടെ സ്റ്റാറ്റസ് അപ് ലോഡ് ചെയ്തിട്ടുണ്ട്. അതിൽ കൊല്ലം അസംബ്ലി മണ്ഡലത്തിൻ്റെ പ്രൊജക്ടുകളായി കൊടുത്തിട്ടുള്ളതാണ് ഞാൻ എൻ്റെ ഫേസ് ബുക്ക് പോസ്റ്റിൽ എഴുതിയത്. പകുതിയോളം പദ്ധതികൾ കൊല്ലം അസംബ്ളി മണ്ഡലത്തിൽ ഉൾപ്പെടുന്നതല്ല എന്ന് എം.എൽ.എ തന്നെ വെളിപ്പെടുത്തിയ സ്ഥിതിക്ക്, എം.എൽ.എ തന്നെ ആ പദ്ധതികൾ കിഫ് ബി വെബ്സൈറ്റിൽ നിന്ന് ഉടനടി നീക്കം ചെയ്യാൻ ആവശ്യപ്പെടണം. എന്തിനാണ് ഇല്ലാത്ത പദ്ധതികൾ കൊല്ലം അസംബ്ളിയുടെ ഭാഗമായി വെബ്സൈറ്റിൽ അപ് ലോഡ് ചെയ്തത് എന്ന് കിഫ് ബിയോട് വിശദീകരണം ആരായുകയും വേണം. 2. ചില പദ്ധതികൾ ഡിപ്പാർട്ട്മെൻ്റ് വർക്കാണെന്ന് എം.എൽ.എ സൂചിപ്പിച്ചിട്ടുണ്ട്. ഡിപ്പാർട്ട്മെൻ്റ് വർക്കുകൾ കൃത്യമായി നിരീക്ഷിക്കേണ്ടതും തടസ്സങ്ങൾ ഉണ്ടെങ്കിൽ ഒഴിവാക്കാൻ ശ്രമിക്കേണ്ടതും എം.എൽ.എ യുടെ കടമയാണ്. കൃത്യമായ മോണിറ്ററിംഗ് എം.എൽ.എയുടെ ഭാഗത്ത് നിന്ന് ഡിപ്പാർട്ട്മെൻ്റ് വർക്കിൽ ഉണ്ടായേ തീരൂ. 3. മൂന്ന് സ്ക്കൂളുകളുടെ പണി പൂർത്തിയായി ഉദ്ഘാടനം ചെയ്തു എന്നും ചില പദ്ധതികൾ ധൃതഗതിയിൽ നടക്കുന്നുണ്ടെന്നും അടുത്താഴ്ച ഒരു പദ്ധതി തുടങ്ങുമെന്നും ഒരെണ്ണം 20% ആയെന്നുമൊക്കെ എം.എൽ.എ പറഞ്ഞിട്ടുണ്ട്. ഭരണം തീരാൻ 7 മാസം മാത്രം അവശേഷിക്കുമ്പോൾ, കൊല്ലത്ത് ഉണ്ടായത് വികസന സ്തംഭനം തന്നെയാണെന്ന് എം.എൽ.എയുടെ വിശദീകരണത്തിൽ നിന്ന് മനസിലാക്കാം.സംസ്ഥാന ത്തെ മുഴുവൻ കിഫ് ബി പ്രൊജക്ടുകളും എൻ്റെ മണ്ഡലത്തിൽ ഉൾപ്പെടുത്തണ്ട എന്ന് എം.എൽ.എ കിഫ്ബിയോട് ഇന്ന് തന്നെ പറയുക. ചില കാര്യങ്ങൾ കിഫ്ബിയോട് ചോദിച്ചറിയുകയും വേണം, (എ) 5 വർഷം കൊണ്ട് 55000 കോടി പദ്ധതികൾ നാട്ടിൽ നടപ്പാക്കും എന്നാണല്ലോ കിഫ്ബി നയം. ഇപ്പോൾ 60000 കോടിയുടെ പദ്ധതിക്ക് അനുമതി നൽകി എന്ന് കേൾക്കുന്നു. കിഫ് ബി കയ്യിലുള്ളത് 16000 കോടിയാണ് .അതിൽ നിന്നും 6000 കോടി വിവിധ പ്രവൃത്തികൾക്ക് നൽകി. മിച്ചം കിഫ് ബി കയ്യിലുള്ളത് 10,000 കോടി. ഈ 10000 കോടി കൊണ്ടാണ് ബാക്കി ചെയ്യേണ്ട 54000 കോടിയുടെ പദ്ധതി ചെയ്യേണ്ടത്.ഭരണം തീരാൻ 7 മാസം അവശേഷിക്കെ 10000 കോടി വച്ച് 54,000 കോടിയുടെ പദ്ധതികൾ ചെയ്യുന്ന വിദ്യ വിശദമാക്കാമോ? (ബി) 9.723 % കൊള്ളപ്പലിശക്ക് മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടി കുറഞ്ഞ പലിശയ്ക്ക് ന്യൂ ജനറേഷൻ ബാങ്കിൽ നിക്ഷേപിച്ച സാമ്പത്തിക ശാസ്ത്രം ഒന്ന് വിശദമാക്കാമോ? (3) 1,17, 264 താൽക്കാലിക / കരാർ നിയമനങ്ങൾ സർക്കാർ വകുപ്പുകളിൽ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് ഇന്നലെ പുറത്ത് വിട്ട ധനകാര്യ വകുപ്പിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖയിൽ വ്യക്തമായിരിക്കെ , കിഫ് ബി യിലെ കരാർ നിയമനങ്ങളെക്കുറിച്ച് എന്താണ് എം.എൽ.എ ക്ക് പറയാനുള്ളത്? (ഡി ) 10,000 രൂപ ദിവസവും കൊടുത്ത് കിഫ് ബിയിലേക്ക് ഉപദേശകനെ നിയമിക്കാൻ വിളിച്ചത് അങ്ങ് അറിഞ്ഞിട്ടുണ്ടോ? അസംബ്ളി മണ്ഡലം തിരിച്ച് അതാത് മണ്ഡലത്തിലെ പ്രൊജക്ടുകൾ പോലും വെബ് സൈറ്റിൽ അപ് ലോഡ് ചെയ്യാനറിയാത്ത ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥ വൃന്ദങ്ങളെ തീറ്റി പോറ്റാൻ ജനങ്ങളുടെ നികുതി പണം ഉപയോഗിക്കുന്നത് ശരിയാണോ? ഞാനിത്രയും പറയാൻ കാരണം പ്രിയ സുഹൃത്തേ, നമ്മുടെ നാടിൻ്റെ മൊത്തം കടബാധ്യത 3 ലക്ഷം കോടിയായി ഉയർന്നിരിക്കുന്നു. ജനിക്കാൻ പോകുന്ന ഓരോ കുട്ടിയും പിറന്ന് വീഴുന്നത് 72000 രൂപ കടത്തിലും.കിഫ്ബിയിലെ ധൂർത്ത് അവസാനിപ്പിക്കേണ്ടത് എം.എൽ.എ യുടെ കൂടി കടമയാണെന്ന് ഓർമിക്കുന്നു. മണ്ഡലത്തിൽ ഇല്ലാത്ത വർക്കുകൾ അപ് ലോഡ് ചെയ്ത കിഫ് ബി യിലെ ഉദ്യോഗസ്ഥൻ മുകേഷിനെ കാണുമ്പോൾ " തോമസ് കുട്ടി വിട്ടോടാ" എന്ന് പറഞ്ഞ് ഓടി പോകാതിരിക്കാൻ ശ്രദ്ധിക്കുക. ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നടന്മാരിലൊരാളായ മുകേഷിന് കർമരംഗത്ത് ഊർജസ്വലമായി പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് നിറഞ്ഞ സ്നേഹത്തോടെ ആശംസിക്കുന്നു.