
ദക്ഷിണ കൊറിയയിൽ ദൈവങ്ങളുടെ വാസസ്ഥലമെന്ന് അറിയപ്പെടുന്ന ജെജു ദ്വീപിന് നിരവധി സവിശേഷതകളുണ്ട്. ആധുനിക ലോകാത്ഭുതങ്ങളിലൊന്നായി നിലനിൽക്കുന്ന ജെജു ദ്വീപ് ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ ദ്വീപാണ്. സ്വയംഭരണാധികാരമുള്ള ഒരു ദ്വീപ് കൂടിയാണിത്. എപ്പോഴും സജീവമായ അഗ്നി പർവ്വതങ്ങളും ലാവാ പ്രവാഹവും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു . തുടർച്ചയായുണ്ടായ അഗ്നി പർവ്വത സ്ഫോടനങ്ങളിൽ നിന്നാണ് ജെജു ദ്വീപ് സൃഷ്‌ടിക്കപ്പെട്ടത്. ദക്ഷിണ ജിയോല പ്രവിശ്യയുടെ തെക്കൻ ഭാഗമായ കൊറിയ കടലിടുക്കിലാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ദൈവങ്ങളുടെ ദ്വീപ് എന്നാണ് ജെജു ദ്വീപ് അറിയപ്പെടുന്നത്. ദ്വീപുമായി ബന്ധപ്പെട്ട കഥകളിൽ നിന്നാണ് ഈ പേരു ഉരുത്തിരിഞ്ഞത്.
ഐതിഹ്യ കഥകൾക്ക് ദ്വീപിന്റെ ചരിത്രത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. വ്യത്യസ്തത തേടിയെത്തുന്ന സഞ്ചാരികളാണ് ഈ പ്രദേശത്തിന്റെ മുതൽക്കൂട്ട്. അത്തരക്കാരെ ആകർഷിക്കാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. ഒന്നരക്കോടിയോളം സഞ്ചാരികളാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്. ബീച്ച്, വ്യത്യസ്തമായ ഭൂ പ്രകൃതി, കാലാവസ്ഥ എന്നിവയും സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. വെറും ആറര ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ദ്വീപിലാണ് ഇത്രയും സഞ്ചാരികൾ എത്തുന്നത്. ദക്ഷിണ കൊറിയയുടെ ഹവായ് എന്നാണ് ഈ ദ്വീപ് അറിയപ്പെടുന്നത്. ചൈനയിൽ നിന്നുള്ള സഞ്ചാരികൾക്ക് പ്രത്യേക ആനുകൂല്യങ്ങളുണ്ട്.
ഏറ്റവും പ്രധാനപ്പെട്ടത് ഇവിടുത്തെ സൂര്യോദയ കാഴ്ചകളാണ്. അഗ്നി പർവ്വതത്തിനു മുകളിലൂടെ സൂര്യൻ ഉദിച്ചുവരുന്ന കാഴ്ച്ച സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമാണ്. സൺറൈസ് പീക്ക് എന്നറിയപ്പെടുന്ന പർവ്വതത്തിന്റെ യഥാർത്ഥ പേര് സിയോംഗ്സാൻ ഇൽചുൽബോംഗ് എന്നാണ്.
അയ്യായിരം വർഷം പഴക്കമുള്ള അഗ്നിപർവ്വതത്തിനു മുകളിലൂടെ സൂര്യൻ ഉദിച്ചുയരുമ്പോൾ താഴെ തടാകത്തിലും ബീച്ചിലുമെല്ലാം അതിന്റെ വെള്ളിവെളിച്ചം കാണാൻ കഴിയും.
ജെജു ഐലന്റിലെ ജിയോംഗ് പാംഗ് വെള്ളച്ചാട്ടം നേരെ കടലിലേക്കാണ്. ഏഷ്യയിൽ ഇത്തരത്തിലുള്ള ഏക വെള്ളച്ചാട്ടമാണിത്. ജെജു ദ്വീപ് സഞ്ചാരികൾക്ക് സമ്മാനിക്കുന്ന മറ്റൊരു കൗതുകം അഗ്നി പർവ്വതത്തിനു മുകളിലേക്കുള്ള യാത്രയാണ്. യുനെസ്കോയുടെ ലോക പൈതൃക സ്മാരകം കൂടിയാണിത്.