saraswathi-devi

ഇല്ലാതമായയിടുമുല്ലാസമൊന്നുമറി-
വല്ലാതെയില്ലനിലനും
കല്ലാഴിയും കനലുമല്ലാതെ ശൂന്യമതു-
മെല്ലാമൊരാദിയറിവാം
തല്ലാഘവം പറകിലില്ലാരണം ക്രിയകൾ
മല്ലാടുകില്ലമതിയീ-
സല്ലാഭമൊന്നുമതിയെല്ലാവരും തിരയു-
മുല്ലാഘബോധജനനീ!

സാരം:
യഥാർത്ഥത്തിൽ ഇല്ലാതിരിക്കെ മായ ഉണ്ടാക്കിക്കാണിക്കുന്ന പ്രപഞ്ചവിനോദദൃശ്യങ്ങൾ എല്ലാം പാരമാർത്ഥികമായിപ്പറഞ്ഞാൽ ബ്രഹ്മസ്വരൂപത്തിൽ നിന്ന് ഭിന്നമേ അല്ല. ഇതിന് കാരണഭൂതമായ പഞ്ചഭൂതങ്ങളും ആ ആദി അറിവുതന്നെയാണ്. ആ അറിവിന്റെ അല്ലെങ്കിൽ ഈശ്വരന്റെ ലാളിത്യത്തെക്കുറിച്ച് പറയുകയാണെങ്കിൽ മതമാത്സര്യാദികളും (വൈദികകർമ്മങ്ങളും) യുദ്ധകോലാഹലങ്ങളും അതിനു മുമ്പിൽ പോയ്മറയുന്നു .ബുദ്ധിക്ക് ചാഞ്ചാട്ടം ഉണ്ടാകുകയില്ല. സകലചരാചരങ്ങളും തിരയുന്നത് ആ സത്യത്തെ മാത്രം. പാപത്തെ മുഴുവൻ നശിപ്പിക്കുവാൻ കഴിവുള്ള ബോധസ്വരൂപത്തെപ്പോലും സാധകരിൽ ജനിപ്പിക്കാൻ കഴിവുള്ള അമ്മേ എനിക്കും ആ സത്യലാഭം ഒന്നുമാത്രം മതിയാകും