jo

ജോ കാമറൺ എന്ന 71 വയസുകാരിയായ മുത്തശ്ശി ആള് നിസ്സാരക്കാരിയല്ല. അസാധാരണമായ ഒരു 'ശക്തി'യുള്ള മുത്തശ്ശി. അവർക്ക് വേദന അറിയാൻ സാധിക്കാറില്ല. കക്ഷി 60-ാമത്തെ വയസ്സിലാണ് തന്റെ ഇൗ 'ശക്തി' തിരിച്ചറിഞ്ഞത്. മുത്തശ്ശിക്ക് സംഭവിച്ച പ്രധാന ജനിതകമാറ്റമാണ് ഇതിന് കാരണം എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

അവരുടെ ഡി.എൻ‌.എ വിശകലനം ചെയ്തപ്പോൾ രണ്ട് ശ്രദ്ധേയമായ ജനിതകമാറ്റം ശാസ്ത്രജ്ഞർ ശ്രദ്ധിച്ചു. ഒന്നാമത്, എഫ്‌.എ‌.എ‌.എച്ച് ജീനിന് അവരുടെ ശരീരത്തിൽ പ്രവർത്തിക്കാൻ കഴിയില്ല. ശരീരം ഉല്പാദിപ്പിക്കുന്ന ആനൻഡമൈഡ് എന്ന രാസവസ്തുവിന് കഞ്ചാവിന്റെ ചില സ്വഭാവങ്ങളുണ്ട് . മറ്റു ചില ജനതിക മാറ്റം മൂലം ഈ മുത്തശ്ശിയുടെ ശരീരത്തിൽ ആനൻഡമൈഡിന്റെ അളവ് ഇരട്ടിയായി. അതിനാൽ ഒരു പരിധി വരെ മുത്തശ്ശിക്ക് സങ്കടമോ, ആധിയോ, മാനസികസംഘർഷമോ ഒന്നും അനുഭവപ്പെടാറില്ല.
വേദനയില്ലാത്ത ഒരു ജീവിതം എത്ര മനോഹരം എന്ന് ചിന്തിക്കാൻ വരട്ടെ. വേദന അനുഭവപ്പെടുന്നത് യഥാർത്ഥത്തിൽ ജീവിക്കാൻ നമ്മളെ സഹായിക്കുകയാണ് ചെയുന്നത് - ഇല്ലെങ്കിൽ ശരീരത്തിൽ പൊള്ളലേറ്റാലോ, അസ്ഥി ഒടിഞ്ഞാലോ നമ്മൾക്ക് അറിയാൻ സാധിക്കില്ല. സ്‌കോട്ട്‌ലൻഡിൽ താമസിക്കുന്ന മുത്തശ്ശി കുറച്ചു വർഷങ്ങൾക്ക് മുമ്പ് കൈക്ക് ഓപ്പറേഷൻ നടത്തിയപ്പോഴാണ് ഡോക്ടർമാർ അവരുടെ വേദനയ്ക്കുള്ള പ്രതിരോധശേഷി ശ്രദ്ധിച്ചത്.
ബി.ബി.സിക്ക് നൽകിയ ഒരു അഭിമുഖത്തിൽ മുത്തശ്ശി താൻ നേരിട്ട പല അനുഭവങ്ങളും വിവരിച്ചു: സ്റ്റൗവ്വിലെ തീയിൽ തന്റെ കൈ പൊള്ളിച്ചപ്പോൾ അവർ അത് തിരിച്ചറിഞ്ഞത് കത്തുന്ന മാംസത്തിന്റെ മണം ശ്വസിച്ചപ്പോഴാണ്. പ്രസവത്തിന്റെ ഒരു വേദനയും ഇവർ അനുഭവിച്ചില്ല. എട്ടാമത്തെ വയസിൽ കൈ ഒടിഞ്ഞപ്പോൾ രണ്ടു ദിവസം കഴിഞ്ഞ് ശരീരം നീലിച്ച് കൈ വളഞ്ഞിരിക്കുന്നത് അവരുടെ അമ്മ ശ്രദ്ധിച്ചപ്പോഴാണ് ആശുപത്രിയിൽ പോയത്. യൂറോപ്പിലെ ടൂറിനിടയിൽ കോൺക്രീറ്റ് സ്ലാബിൽ വീണു മുഖത്തിന് പരിക്കേൽക്കുകയും പല്ല് ഒടിയുകയും ചെയ്തപ്പോഴും ഒരു കുലുക്കവും ഉണ്ടായിട്ടില്ല. ഇതൊന്നും പോരാഞ്ഞിട്ട്, കാർ അപകടത്തിൽപ്പെട്ട് തലകുത്തി മറിഞ്ഞു കിടന്നപ്പോഴും മുത്തശ്ശി പുറത്തിറങ്ങി വണ്ടി ഇടിച്ച ഡ്രൈവറെ സഹായിക്കാൻ പോയ സംഭവവും ഉണ്ടായിട്ടുണ്ട്.