
ന്യൂഡൽഹി : 1947 ഒക്ടോബർ 21 നും 22നുമിടെയിലുള്ള രാത്രി... ജമ്മു കാശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും ഭയാനകവും ഇരുണ്ടതുമായിരുന്നു. ഭൂമിയുടെ സ്വർഗം എന്നു വിളിക്കപ്പെടുന്ന അവിടം നശിപ്പിക്കാനും അധിനിവേശം നടത്താനും ലക്ഷ്യമിട്ട് പാകിസ്ഥാൻ ഗുൽമർഗ് ഓപ്പറേഷൻ ആരംഭിച്ചു. ഇപ്പോൾ അതിന് 73 വർഷം പിന്നിട്ടിരിക്കുന്നു. ഇന്നും കാശ്മീർ മണ്ണ് പിടിച്ചടക്കണമെന്ന ആഗ്രഹത്തിൽ നിന്നും പാകിസ്ഥാൻ വ്യതിചലിച്ചിട്ടില്ലെന്ന് ഒരു യൂറോപ്യൻ ആശയരൂപീകരണ വിദഗ്ദ്ധ സംഘം ചൂണ്ടിക്കാട്ടുന്നു.
യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ് ( ഇ.എഫ്.എസ്.എ.എസ് ) 35,000 മുതൽ 40,000 പേർ കൊല്ലപ്പെട്ട ആ അധിനിവേശത്തിന്റെ ഭീകരത ഓർമപ്പെടുത്തുന്നു. ഐക്യരാഷ്ട്രസഭ വരച്ച നിയന്ത്രണരേഖ ആളുകളെ രണ്ടായി വിഭജിച്ചു. കാശ്മീർ എന്ന പഴയ നാട്ടുരാജ്യത്തെയും അതിലെ ജനങ്ങളെയും വിഭജിച്ചു.
1947 ഓഗസ്റ്റിൽ തന്നെ മേജർ ജനറൽ അക്ബർ ഖാന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തയാറാക്കിയതായി യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ് സംഘടന പറയുന്നു. അന്ന് നുഴഞ്ഞുകയറ്റത്തിൽ പങ്കെടുത്ത 22 പഷ്തൂൺ ഗോത്രക്കാരുടെ പട്ടിക വാഷിംഗ്ടൺ ആസ്ഥാനമായുള്ള രാഷ്ട്രീയ നയതന്ത്ര അനലിസ്റ്റ് ഷുജ നവാസ് തയാറാക്കിയിട്ടുണ്ട്. ജനറൽ ഖാനെ കൂടാതെ പാകിസ്ഥാൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയുടെ അടുത്തയാളായ സർദാർ ഷൗക്കത്ത് ഹയാത്ത് ഖാനും അധിനിവേശം നടത്താൻ പദ്ധതിയിട്ടവരിൽ പ്രമുഖരാണ്.
കാശ്മീർ ഓപ്പറേഷന്റെ സൂപ്പർവൈസറായി തന്നെ നിയമിച്ചിരുന്നതായി ഷൗക്കത്ത് പിന്നീട് ദി നേഷൻ ദാറ്റ് ലോസ്റ്റ് ഇറ്റ്സ് സോൾ എന്ന പുസ്തകത്തിൽ സമ്മതിച്ചിരുന്നു. ഈ ഓപ്പറേഷനായി പാകിസ്ഥാന്റെ ട്രഷറിയിൽ നിന്ന് 3 ലക്ഷം രൂപ ധനമന്ത്രി ഗുലാം മുഹമ്മദ് സഹായിച്ചതായും വിവരം ലഭിച്ചു.
ജമ്മു കാശ്മീരിലെ ആക്രമണത്തിന് മേജർ ജനറൽ അക്ബർ ഖാൻ 1947 ഒക്ടോബർ 22 തീയതിയായി നിശ്ചയിച്ചിരുന്നു. ഒക്ടോബർ 18ന് ജമ്മു അതിർത്തിക്കടുത്തുള്ള അബോട്ടാബാദിൽ ഒത്തുകൂടാൻ എല്ലാ പാക് ഭടൻമാരോടും ആവശ്യപ്പെട്ടു. രാത്രിയിൽ ഭടൻമാരെ ഗോത്രവർഗ്ഗക്കാരുടെ വേഷത്തിൽ സിവിലിയൻ ബസുകളിലും ട്രക്കുകളിലും കയറ്റി അയക്കുകയായിരുന്നു. 1947 ഒക്ടോബർ 26ന് ബാരാമുള്ളയിൽ നുഴഞ്ഞുകയറ്റക്കാർ 11,000 പേർ കൊല്ലുകയും ശ്രീനഗറിലെ വൈദ്യുതി വിതരണ മൊഹ്റ പവർ സ്റ്റേഷൻ നശിപ്പിക്കുകയും ചെയ്തു.
1948ൽ ജമ്മു കാശ്മീരിലെ ആദ്യത്തെ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുള്ള ഐക്യരാഷ്ട്രസഭയിലെ ഈ നുഴഞ്ഞുകയറ്റത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് ' അക്രമികൾ ഞങ്ങളുടെ ദേശത്ത് വന്നു, ആയിരക്കണക്കിന് ആളുകളെ കൊന്നു, കൂടുതലും ഹിന്ദുക്കൾ, സിഖുകാർ. മുസ്ലീങ്ങളേയും വധിച്ചു. ആയിരക്കണക്കിന് പെൺക്കുട്ടികളെ തട്ടിക്കൊണ്ടുപോയി. സ്വത്തുക്കൾ കൊള്ളയടിച്ച് തങ്ങളുടെ തലസ്ഥാനങ്ങളിൽ ഒന്നായ ശ്രീനഗറിലെ കവാടങ്ങളിൽ എത്തി. '
ജമ്മു കാശ്മീരിലെ മുസ്ലീങ്ങളുടെ ക്ഷേമത്തിനെന്ന പേരിൽ പാകിസ്ഥാൻ നടത്തുന്ന പ്രചരണങ്ങളെക്കുറിച്ച് പറയുന്നവർ 1947 ഒക്ടോബറിലെ 1947 ഒക്ടോബറിലെ ഇസ്ലാമാബാദ് സ്വീകരിച്ച നയം മറക്കരുതെന്നും യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ് പറയുന്നു. ജമ്മു കശ്മീരിന്റെ നിലനിൽപ്പിനെ തന്നെ ഏറ്റവും കൂടുതൽ ഭീഷണിയായ, സംസ്ഥാനത്തെ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാനുള്ള ശ്രമമായിരുന്നു അത്. ഗോത്രവർഗ്ഗ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നവർ ഇന്നും കാശ്മീർ ജനതയും ഏറ്റവും വലിയ ശത്രുക്കൾ ആണ്.