
ന്യൂഡൽഹി: ചൈനയിൽ നിർമ്മിക്കുന്ന എയർ കണ്ടീഷണറുകൾ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു. ഇന്ത്യൻ എ.സി നിർമ്മാതാക്കൾക്ക് ഗുണം ചെയ്യുന്നതാണ് തീരുമാനം. അത്യാവശ്യമല്ലാത്ത വിദേശ ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കലും ലക്ഷ്യമാണ്.
ചൈനീസ് റെഫ്രിജറന്റുകൾ ഉപയോഗിക്കുന്ന എ.സികളുടെ ഇറക്കുമതി വിലക്കി വിദേശ വ്യാപാര ഡയറക്‌ടർ ജനറലാണ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. നേരത്തേ ടെലിവിഷനുകൾ ഇറക്കുമതിക്കും വിലക്കേർപ്പെടുത്തിയിരുന്നു. രണ്ട് ഉത്പന്നങ്ങളും സ്വതന്ത്രവ്യാപാര പട്ടികയിലായിരുന്നു ഇതുവരെ. ടെലിവിഷൻ ഇറക്കുമതി ചെയ്യണമെങ്കിൽ ഇറക്കുമതിക്കാർ ഇതിന് ലൈസൻസ് നേടണമെന്നും വ്യവസ്ഥ കൊണ്ടുവന്നു.
ലോകത്ത് തന്നെ ഏറ്റവും വലിയ എ.സി വിപണികളിലൊന്നാണ് ഇന്ത്യ. അരലക്ഷത്തോളം കോടി രൂപയുടെ വ്യാപാരമാണ് വർഷം തോറും നടക്കുന്നത്. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ഇത്തരം ഉത്പന്നങ്ങൾ രാജ്യത്ത് തന്നെ നിർമ്മിക്കാൻ പ്രോത്സാഹനം നൽകുകയാണ് ഇന്ത്യൻ നയം.
പ്രതിരോധ സാമഗ്രികളുടെ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാനായി 100 വസ്‌തുക്കളുടെ ഇറക്കുമതിക്ക് ആഗസ്റ്റിൽ വിലക്ക് ഏർപ്പെടുത്തുകയും ചെയ്‌തിരുന്നു. സ്വയംപര്യാപ്‌തതയുടെ പേരിലാണ് ഇറക്കുമതി നിയന്ത്രണങ്ങളെങ്കിലും ചൈനയുമായി നിലനിൽക്കുന്ന അതിർത്തി സംഘർഷങ്ങളാണ് പ്രധാന കാരണം.
അതിർത്തി സംഘർഷം തുടങ്ങിയ ശേഷം ചൈനീസ് ഇറക്കുമതിക്ക് ഇന്ത്യ ഘട്ടം ഘട്ടമായി നിയന്ത്രണം ഏർപ്പെടുത്തി വരികയുമാണ്. വ്യാപാര മേഖലയിൽ ഇന്ത്യ നടത്തുന്ന ശീതയുദ്ധം ചൈനയ്‌ക്ക്ക്ക് വ്യാപാര മേഖലയിൽ കനത്ത തിരിച്ചടിയാകും.