vijay-yesudas

ചലച്ചിത്ര പിന്നണിഗാന രംഗത്ത് എത്തി ഇരുപത് വർഷം തികഞ്ഞ ഈ സമയത്ത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിജയ് യേശുദാസ്. പിന്നണി ഗായകർക്കും സംഗീത സംവിധായകർക്കുമൊന്നും മലയാളത്തിൽ അർഹിക്കുന്ന വില കിട്ടുന്നില്ലെന്നും ഈ അവഗണനയിൽ മടുത്തതിനാൽ ഇനി മലയാളത്തിൽ പാടില്ലെന്ന് വിജയ് യേശുദാസ് അറിയിച്ചു,അർഹിക്കുന്ന അംഗീകാരം കിട്ടാത്തതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വിജയ് പറയുന്നു. ഒരു ദ്വൈവാരികയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് വിജയ് യേശുദാസ് ഇങ്ങനെ പ്രതികരിച്ചത്. എന്നാൽ തമിഴിലും തെലുങ്കിലും ഈ പ്രശ്‌നമില്ല.

അച്ഛൻ ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസിനൊപ്പം 2000ൽ 'മില്ലേനിയം സ്‌റ്റാർസ്' ചിത്രത്തിലാണ് ആദ്യമായി വിജയ് മലയാള സിനിമയിൽ പാടിയത്. പിന്നീടിങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല വിജയ്‌ക്ക്. ഏ‌റ്റവുമൊടുവിൽ 2019ൽ 'ജോസഫ്' എന്ന ചിത്രത്തിലെ പൂമുത്തോളേ...എന്ന ഗാനത്തിനുൾപ്പടെ മൂന്ന് തവണ മികച്ച ഗായകനുള‌ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി.

ഇതിനിടെ ക്യാമറയ്‌ക്ക് മുൻപിലും അവസരം വിജയിനെ തേടിയെത്തി. ഇവൻ എന്ന മലയാള ചിത്രത്തിലായിരുന്നു ആദ്യം അഭിനയിച്ചത്. ധനുഷ് നായകനായ തമിഴ് സൂപ്പർ ചിത്രം 'മാരി'യിൽ ഇൻസ്‌പെക്‌ടറായുള‌ള വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടു. നടൻ വിജയോടൊപ്പം അടുത്ത തമിഴ് ചിത്രത്തിൽ വിജയ് യേശുദാസ് വേഷമിടുന്നുണ്ട്. സാൽമൺ എന്ന ബഹുഭാഷാ ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.