terrorist-surrendering

ശ്രീനഗർ: സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഭീകരൻ കീഴടങ്ങുന്ന നാടകീയ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ സൈന്യം. ജമ്മു കാശ്‌മീരിൽ സേനയും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനിടെയാണ് സംഭവം.

ഇരുപത്കാരനായ ജഹാംഗീർ ഭട്ട് കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ഭീകരസംഘടനയിൽ ചേർന്നത്. ഇയാളിൽ നിന്ന് ഒരു എ.കെ 47 തോക്കും പിടിച്ചെടുത്തു.

ജഹാംഗീർ ഭട്ടുമായി സുരക്ഷാ ജാക്കറ്റ് ധരിച്ച സൈനികൻ സംസാരിക്കുന്നത് വിഡിയോയിൽ കാണാം.

'ഒരു യാതൊരു അപകടവും ഉണ്ടാകില്ല, നിന്നെ ആരും വെടിവയ്ക്കില്ല." എന്ന് സൈനികർ പറഞ്ഞു. തുടർന്ന് ഭീകരൻ കൈകൾ പൊക്കി സൈനികന്റെ അരികിലേക്കെത്തി അദ്ദേഹത്തിന് മുന്നിൽ ഇരുന്നു.

നിങ്ങൾക്ക് ഒന്നും സംഭവിക്കില്ലെന്ന് സൈനിക ഉദ്യോഗസ്ഥൻ അയാളോട് ആവർത്തിച്ചു. കൂടാതെ അയാൾക്ക് വെള്ളം നൽകാൻ കൂടെയുള്ളവർക്ക് നിർദേശവും നൽകി. സേന പുറത്തിറക്കിയ മറ്റൊരു വീഡിയോയിൽ ജഹാംഗീറിന്റെ അച്ഛൻ സേനയ്ക്ക് നന്ദി പറയുന്നതും കാണാം. തന്റെ മകനെ ഇനി ഭീകരർക്കൊപ്പം പോകാൻ അനുവദിക്കല്ലെന്നും അവനെ രക്ഷിച്ച സുരക്ഷാ ഉദ്യോഗസഥർക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഒക്ടോബർ 13ന് പ്രത്യേക പൊലീസ് ഉദ്യോഗസ്ഥർ രണ്ട് എ.കെ 47 തോക്കുകൾ പിടിച്ചെടുത്തിരുന്നതായും അന്നേ ദിവസം തന്നെ ജഹാംഗീറിനെ ചഡോരയിൽ നിന്ന് കാണാതായിരുന്നെന്നും ഇന്ത്യൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ജഹാംഗീറിനെ കണ്ടെത്താൻ കുടുംബം തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്നലെ സേനയ്ക്ക് മുന്നിൽ കീഴടങ്ങിയത്. പ്രോട്ടോക്കോൾ അനുസരിച്ചാണ് ഇന്ത്യൻ സൈന്യം വ്യക്തിയെ കീഴടങ്ങാൻ പ്രേരിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയതെന്നും പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്രഭരണ പ്രദേശത്ത് നടക്കുന്ന അപൂർവ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലൊന്നാണിത്.