world-covid-updates

പാരീസ്:വേനൽക്കാലത്ത് ജനങ്ങൾ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയതോടെ യൂറോപ്പിൽ രണ്ടാം ഘട്ട കൊവിഡ് വ്യാപനം രൂക്ഷമായി. പല രാജ്യങ്ങളും ഇളവുകൾ റദ്ദാക്കി വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നു. സ്‌പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ, ഇറ്റലി, ജർമ്മനി, പോളണ്ട്,​ ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലാണ് രണ്ടാം വ്യാപനം രൂക്ഷം. മിക്ക രാജ്യങ്ങളിലും ദൈനം ദിന രോഗികളുടെ എണ്ണം വർദ്ധിക്കുന്നു.

ഫ്രാൻസിൽ പാരീസ് ഉൾപ്പെടെ എട്ട് മെട്രോ പൊളിറ്റൻ മേഖലകളിൽ വെള്ളിയാഴ്ച അർദ്ധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ മൂന്നിലൊന്ന് ജനസംഖ്യയെ രണ്ടാഴ്ചയെങ്കിലും ഇത് ബാധിക്കും. ഇവിടങ്ങളിൽ റെസ്റ്റോറന്റുകൾ ഉൾപ്പെടെ അടച്ചിടും. രാത്രി കർഫ്യൂ ലംഘിക്കുന്നവർക്ക് 160 ഡോളർ ( ഏകദേശം 12,​000 രൂപ)​ ഫൈൻ. പുതിയ രോഗികൾ മാർച്ച് 31ന് 7,​500 ആയിരുന്നു. ഈ മാസം 10ന് അത് 26,​675 ആണ്. പാരീസിൽ ആശുത്രികൾ തിങ്ങി നിറഞ്ഞു.

നിരവധി രാജ്യങ്ങളിൽ നിയന്ത്രണം കടുപ്പിക്കുന്നു

ബ്രിട്ടനിൽ പുതിയ രോഗികൾ ഏപ്രിൽ 10ന് 7860 ആയിരുന്നത് ഈ മാസം 8ന് 17,​540 ആണ്. ഈ ആഴ്ചത്തെ മൊത്തം രോഗികൾ 20,​000 ആണ്. സ്പെയിനിൽ കഴിഞ്ഞ ആഴ്ച പുതിയ രോഗികൾ 68,​000 ആയി വർദ്ധിച്ചു. ദിവസം 1000 രോഗികൾ എന്ന കണക്കിലാണ് വർദ്ധന.വെള്ളിയാഴ്ച റെക്കാഡായിരുന്നു - 3105.

ആസ്ട്രിയ, ബെൽജിയം, ക്രൊയേഷ്യ, ഡെന്മാർക്ക്, ഫിൻലാൻഡ്, ഗ്രീസ്, ഹംഗറി, അയർലൻഡ്, നെതർലാൻഡ്സ്, നോർവേ, പോർച്ചുഗൽ, സ്ലോവാക്യ, സ്വീഡൻ, സ്വിറ്റ്സർലാൻഡ് എന്നിവിടങ്ങളിലും വൈറസ് വ്യാപനം രൂക്ഷമാണ്. ഈ രാജ്യങ്ങളിലെല്ലാം ആശുപത്രികളിൽ കൊവിഡ് രോഗികളുടെ തിരക്ക് കൂടി.

നിയന്ത്രണങ്ങളുമായി രാജ്യങ്ങൾ

 ആസ്ട്രിയയിൽ പൊതുസ്ഥലത്ത് പത്തുപേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ല. കുച്ൽ മേഖലയിൽ മിനി ലോക്ക്ഡൗൺ. പൊതു പരിപാടികൾ നിരോധിച്ചു. കെയർ ഹോമുകളിലും മറ്റും സന്ദർശകർക്ക് നിയന്ത്രണം. റെസ്റ്റോറന്റുകൾ വൈകിട്ട് അഞ്ചുവരെ മാത്രം.

 ബെൽജിയത്തിൽ കടകൾ രാത്രി 10നും കഫേകൾ 11നും റെസ്റ്റോറന്റുകൾ രാത്രി ഒരു മണിക്കും അടയ്‌ക്കണം. നാല് പേരിൽ കൂടുതൽ ഒത്തുകൂടുന്നതിന് വിലക്ക്. പൊതു പരിപാടികൾക്കും ഭാഗിക നിയന്ത്രണമുണ്ട്.

 ഹംഗറിയിൽ ആദ്യ ഘട്ടത്തിലേക്കാൾ കൂടുതലാണ് കേസുകൾ. രാജ്യം മുഴുവൻ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ലെങ്കിലും സെപ്തംബർ ഒന്ന് മുതൽ അതിർത്തികൾ പൂർണമായും അടച്ചു. മാസ്‌ക് ധരിക്കാത്തവർക്ക് ഫൈൻ.