sanna-marin

ഹെൽസിങ്കി: വസ്ത്രധാരണത്തിന്റെ പേരിൽ സദാചാര ആക്രണത്തിന് ഇരയായി ഫിൻലാൻഡ് പ്രധാനമന്ത്രി സന്നാ മരിൻ. കഴുത്തിന് അൽപം ഇറക്കം കൂടിയ ബ്ലേസർ ധരിച്ചു നിൽക്കുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചതോടെ സൈബർ പടയാളികൾ സന്നയ്ക്ക് നേരെ തിരിഞ്ഞു.

മുപ്പത്തിനാലുകാരിയായ സന്ന ഒരു ഫാഷൻ മാ​ഗസിനു വേണ്ടി പോസ് ചെയ്ത ചിത്രമായിരുന്നു അത്. കവർ ഫോട്ടോഷൂട്ടിനായി കറുത്ത നിറത്തിലുള്ള ഇറക്കം കൂടിയ ബ്ലേസറാണ് സന്നാ ധരിച്ചത്. സന്നയെപ്പോലെ പ്രധാന പദവിയിലിരിക്കുന്ന വ്യക്തിക്ക് യോജിച്ച വസ്ത്രധാരണമല്ല ഇതെന്നു പറഞ്ഞാണ് ആക്രമണം ആരംഭിച്ചത്.

സന്നയുടെ വിശ്വാസ്യതയെ തകർക്കുന്ന ചിത്രമാണെന്നും ഇതൊരു പ്രധാനമന്ത്രിയോ അതോ മോഡലോ എന്നൊക്കെ പോകുന്നു കമന്റുകൾ. ഇതിനിടെ സന്നയെ അനുകൂലിച്ചും നിരവധി പേർ രം​ഗത്തെത്തി. സന്നയ്ക്കു സമാനമായി വസ്ത്രം ധരിച്ച് വസ്ത്രധാരണം ഒരാളുടെ നേട്ടങ്ങളെ ഇല്ലാതാക്കുന്നില്ലെന്നു പറഞ്ഞാണ് പലരും ചിത്രങ്ങൾ പങ്കുവച്ചത്.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സന്ന. 1985ൽ ജനിച്ച സന്ന ലെസ്ബിയൻ ദമ്പതികളുടെ മകളായാണ് വളർന്നത്. തുടക്കത്തിൽ കുടുംബത്തെക്കുറിച്ച് സംസാരിക്കാൻ പോലും ആത്മവിശ്വാസമില്ലായിരുന്നുവെന്നും പിന്നീട് അമ്മയാണ് കരുത്തും പിന്തുണയും നൽകിയതെന്നും സന്ന പറഞ്ഞിരുന്നു.