
പാരിസ്: മതനിന്ദ ആരോപിച്ച് ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ അദ്ധ്യാപകനെ തലയറുത്ത് കൊലപ്പെടുത്തി. അതേസമയം, പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസിന്റെ വെടിയേറ്റ് പ്രതി കൊല്ലപ്പെട്ടു. പ്രതിയ്ക്ക് 18 വയസ് മാത്രമായിരുന്നു പ്രായമെന്നാണ് റിപ്പോർട്ട്. റഷ്യൻ വംശജനാണെന്നും റിപ്പോർട്ടുണ്ട്. പ്രവാചകന്റെ കാർട്ടൂൺ വിദ്യാർത്ഥികളെ കാണിച്ചതിനെ തുടർന്ന് അദ്ധ്യാപകനെതിരെ പ്രതിഷേധം ഉടലെടുത്തിരുന്നു.
കോൺഫ്‌ലാൻസ് സെന്റ് ഹോണറിനിലെ ഒരു സ്‌കൂളിന് സമീപം വെള്ളിയാഴ്ച വെകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഫ്രഞ്ച് ഭീകര വിരുദ്ധ സേന വ്യക്തമാക്കി. സംഭവത്തിൽ ഇദ്ദേഹം പഠിപ്പിച്ചിരുന്ന ഒരു വിദ്യാർത്ഥിയുടെ മാതാപിതാക്കൾ ഉൾപ്പെടെ ഒൻപതുപേർ അറസ്റ്റിലായതായാണ് വിവരം.
സംഭവത്തിൽ ഉൾപ്പെട്ടവർക്ക് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തെ അപലപിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഭീകരർ വിജയിക്കില്ലെന്ന് പ്രഖ്യാപിച്ചു.