nawaz-sharif-

കറാച്ചി : പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഗുജ്‌റാൻവാല നഗരത്തിൽ പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റിന്റെ ആദ്യ പൊതു റാലിയെ അഭിസംബോധന ചെയ്ത് കൊണ്ടാണ് ഷെരീഫിന്റെ പ്രസ്താവന. ലണ്ടനിൽ നിന്നും വെർച്വൽ പ്ളാറ്റ് ഫോം വഴിയാണ് ഷെരിഫ് റാലിയെ അഭിസംബോധന ചെയ്‌തത്. തന്നെ രാജ്യത്തിന്റെ പരമോന്നത സ്ഥാനത്ത് നിന്നും തന്നെ നീക്കിയില്ലായിരുന്നെങ്കിൽ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി ഇത്രയും മോശമാകില്ലായിരുന്നു എന്നും ഷെരീഫ് പറഞ്ഞു.

കൊവിഡ് രൂക്ഷമായ കാലത്തും മരുന്നുകളുടെ ഉൾപ്പടെ വിലക്കയറ്റവും തൊഴിലില്ലായ്‌മയ്‌ക്കും ഇടയാക്കിയ ഇമ്രാൻ സർക്കാരിനെ ഷെരീഫ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. രാജ്യത്ത് സ്വർണ വില കുതിച്ചുയരുമ്പോൾ സാധാരണക്കാരൻ തന്റെ മകളെ എങ്ങനെ വിവാഹം കഴിച്ചയക്കുമെന്നും ഷെരീഫ് ചോദിച്ചു. ' രാജ്യത്ത് 10 ദശലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് അവർ പറഞ്ഞു. പക്ഷേ, ഈ സർക്കാർ വന്നതോടെ ഏകദേശം 15 ദശലക്ഷം പേർക്ക് ജോലി പോയി. 50 ലക്ഷം പേർക്ക് വീട് നൽകുമെന്ന് പറഞ്ഞു. എന്നിട്ട് ആർക്കെങ്കിലും കിട്ടിയോ ? ' ഷെരീഫ് ചോദിച്ചു.

പാക് സൈന്യം തന്റെ സർക്കാരിനെ അട്ടിമറിച്ച് ഇമ്രാൻ ഖാനെ പ്രതിഷ്ഠിച്ചെന്നും സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ അതിനു കാരണക്കാരനാണെന്നും ഷെരീഫ് പറഞ്ഞു. 2017ൽ അധികാരത്തിൽ നിന്നും പുറത്താക്കപ്പെട്ട നവാസ് ഷെരീഫും മകൾ മറിയവും മകളുടെ ഭർത്താവും വിവിധ അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ടിരുന്നു. ജാമ്യത്തിലിറങ്ങി നാലാഴ്ച ചികിത്സയ്ക്കായി കോടതിയുടെ അനുമതിയോടെ രാജ്യം വിട്ട ഷെരീഫ് ഇപ്പോൾ ലണ്ടനിലാണ്.