
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മാറ്റേകി, പ്രചാരണത്തിനായി മുൻ പ്രസിഡന്റ് ബറാക് ഒബാമ രംഗത്ത്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന കമലാ ഹാരിസിനുമാണ് ഒബാമയുടെ പിന്തുണ.
പെൻസിൽവാനിയയിൽ നടക്കുന്ന ക്യാംപയിനിൽ ഒബാമ പങ്കെടുക്കും. ബറാക് ഒബാമ പ്രസിഡന്റായിരുന്നപ്പോൾ ബൈഡനായിരുന്നു വൈസ് പ്രസിഡന്റ്.
മുൻപ് ഇരുവർക്കും പിന്തുണയുമായി 59കാരനായ ഒബാമ പലവട്ടം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും ഇതാദ്യമായാണ് ഡെമോക്രാറ്റിക് പാർട്ടി ക്യാംപയിനിൽ മുൻ പ്രസിഡന്റ് നേരിട്ട് പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായിരുന്ന ഹിലരി ക്ലിന്റെണെ പിന്തുണച്ച് ഒബാമ വലിയ തോതിൽ പ്രചാരണം നടത്തിയിരുന്നു. പ്രസിഡന്റ് പദം ഒഴിഞ്ഞു നാലു വർഷം കഴിഞ്ഞിട്ടും മികച്ച പ്രാസംഗികനായ ഒബാമ തെരഞ്ഞെടുപ്പ് വേളകളിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഏറ്റവും ശക്തനായ നേതാവാണ്.
"ജോ ബൈഡനും കമലാ ഹാരിസിനും വേണ്ടി പ്രചാരണം നയിക്കാനായി മുൻ പ്രസിഡന്റ് ഒബാമ ഒക്ടോബർ 21ന് പെൻസിൽവാനിയയിലെ ഫിലാഡെൽഫിയയിലെത്തും." വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് ബൈഡന്റെ ക്യാംപയിൻ പ്രവർത്തകർ പ്രസ്താവനയിൽ അറിയിച്ചു. ഒബാമ പങ്കെടുക്കുന്ന പരിപാടിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ലഭ്യമല്ല.
വൻതോതിൽ ജനങ്ങളെ ആകർഷിക്കാൻ കഴിവുള്ള ഒരേയൊരു ഡെമോക്രാറ്റിക് നേതാവായ ഒബാമയുടെ വരവ് ബൈഡനും കമലയ്ക്കും കറുത്ത വർഗക്കാരുടെ വോട്ട് ഉറപ്പിക്കാൻ സഹായിക്കുമെന്നാണ് ബൈഡൻ അനുകൂല നിരീക്ഷകരുടെ വിലയിരുത്തലെന്നും വാർത്താ ഏജൻസി പറയുന്നു.