
തിരുവനന്തപുരം: സ്വപ്ന സുരേഷും എം. ശിവശങ്കറും ചേർന്ന് മാറ്റിയെടുത്ത 1,90,000 ഡോളർ വിദേശത്തേക്ക് കടത്തിയത് ഈജിപ്റ്റ് സ്വദേശിയും കോൺസുലേറ്റിലെ ധനകാര്യവിഭാഗത്തിന്റെ ചുമതലയിലുണ്ടായിരുന്ന ഖാലിജ് അലി ഷൗക്രിയെന്ന് കസ്റ്റംസ് കണ്ടെത്തി. എന്നാൽ, ഇയാളിപ്പോൾ എവിടെയുണ്ടെെന്ന് അന്വേഷണ ഏജൻസികൾക്ക് യാതൊരു തിട്ടവുമില്ല. ലൈഫ് മിഷൻ കമ്മിഷൻ ഇടപാട് കേസിൽ ഇയാളെ എൻഫോഴ്സ്മെന്റോ സി.ബി.ഐയോ പ്രതി ചേർത്തിട്ടുമില്ല. ഖാലിദ് കമ്മിഷൻ ചോദിക്കുകയും വാങ്ങുകയും ചെയ്തെന്ന് മൊഴികൾ ഉണ്ടായിരുന്നു. ലൈഫ് മിഷന്റെ വടക്കാഞ്ചേരി ഭവനസമുച്ചയ നിർമ്മാണക്കരാർ യൂണിടാകിന് ലഭിക്കാൻ പദ്ധതിത്തുകയുടെ 20 ശതമാനം ഖാലിദ് കമ്മിഷനായി ആവശ്യപ്പെട്ടെന്ന് ഇ.ഡിയുടെ കുറ്റപത്രത്തിലുണ്ട്. കോൺസുലേറ്റിൽ നിന്ന് പദ്ധതിക്കായി ലഭിച്ച ഏഴേമുക്കാൽ കോടി രൂപയിൽ ഒരുഭാഗം നാലുലക്ഷം യു.എസ്. ഡോളറാക്കി യൂണിടാക് എം.ഡി. സന്തോഷ് ഈപ്പൻ മാറ്റി. ഈ കമ്മിഷൻ തുക ബാഗിലാക്കി തിരുവനന്തപുരത്ത് ഖാലിദിന്റെ കാറിൽ വച്ചതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്.
കമ്മിഷൻ തുകയുമായി ഖാലിദും സ്വപ്നയും അടങ്ങിയ സംഘം തിരുവനന്തപുരത്തുനിന്ന് ഖത്തറിലേക്ക് പോയെന്നാണ് സന്തോഷ് ഈപ്പൻ പറയുന്നത്. ഖത്തറിൽനിന്ന് ഖാലിദ് ഈജിപ്തിലേക്കും സ്വപ്നയും സംഘവും ദുബായിലേക്കുമാണ് പോയത്. ഈജിപ്ത് പൗണ്ടിന്റെ മൂല്യമനുസരിച്ച് സന്തോഷ് ഈപ്പൻ കൈമാറിയ തുക 6.28 കോടിയാണ്. ഇതു മുഴുവൻ ഖാലിദ് ഈജിപ്തിലേക്ക് കൊണ്ടുപോയോ അതോ യാത്രക്കിടെ ഖത്തറിലോ ദുബായിലോ മറ്റാർക്കെങ്കിലും വീതിച്ചു നൽകിയോ എന്നാണ് അറിയാനുള്ളത്. ഇയാളെ കണ്ടത്തൊനുള്ള അന്വേഷണം കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ തുടങ്ങി. ഇന്ത്യ രണ്ടു തവണ വിസ നിഷേധിച്ചിട്ടും ഖാലിദ് യു.എ.ഇ കോൺസുലേറ്റിലെ ജീവനക്കാരനായി കേരളത്തിൽ തങ്ങാൻ ഇടയായത് എങ്ങനെയെന്നും അന്വേഷിക്കുന്നുണ്ട്. അതേസമയം. നയതന്ത്ര പരിരക്ഷ ഉള്ളതിനാൽ ഈ ഉദ്യോഗസ്ഥനെ പ്രതിചേർക്കണമെങ്കിൽ കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതിവേണം. ഒരേസമയം, യു.എ.ഇ.യും ഈജിപ്തുമായുള്ള ബന്ധം വഷളാകുമെന്നതിനാൽ അതിനുള്ള സാദ്ധ്യത വിരളമാണ്.
സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതികളായ സ്വപ്ന, പി.എസ്.സരിത് എന്നിവരുമായി ചേർന്ന് ഖാലിദ് വഴിവിട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ലൈഫ് മിഷന്റെ വടക്കാഞ്ചേരി ഭവനസമുച്ചയത്തിന്റെ നിർമ്മാണക്കരാർ ലഭിക്കാൻ 3.80 കോടി രൂപ മതിക്കുന്ന വിദേശ കറൻസി ഖാലിദിനു കൈമാറിയെന്നു യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. കേരളത്തിലെ പ്രളയദുരിതാശ്വാസത്തിനായി യു.എ.ഇ ജീവകാരുണ്യ സംഘടനയായ റെഡ് ക്രസന്റ് നൽകിയ 18.50 കോടി രൂപയിൽ നിന്നാണ് സ്വർണക്കടത്ത് കേസ് പ്രതികൾ കമ്മിഷൻ വാങ്ങിയത്. ഖാലിദിനു കൈമാറിയതായി സന്തോഷ് ഈപ്പൻ പറയുന്ന 3.80 കോടി രൂപ എന്തിനു വിനിയോഗിച്ചെന്നും അന്വേഷിക്കുന്നുണ്ട്.