she

നവരാത്രിയുമായി ബന്ധപ്പെട്ട ദേവീ സങ്കല്പങ്ങള്‍ക്ക് സ്ത്രീ ശക്തിയുടെ പുതുഭാഷ്യം ഒരുക്കുകയാണ് തിരുവനന്തപുരത്തെ ധന്വന്തരി കളരി സംഘം. ആയോധനകലയിലെ ചുവടുകളും മുറകളും നാരീസങ്കല്‍പവുമായി കൂട്ടിയിണക്കി 'സ്ത്രീ ശാക്തീകരണം ആയോധന പരിശീലനത്തിലൂടെ' എന്ന ആശയമാണ് ഈ നവരാത്രി വേളയില്‍ ധന്വന്തരി കളരി സംഘം അവതരിപ്പിക്കുന്നത്.

'അഗസ്ത്യം' എന്ന അവരുടെ തനത് കളരി സമ്പ്രദായത്തെ അടിസ്ഥാനപ്പെടുത്തി നവരാത്രികളിലെ എല്ലാ ദേവീ സങ്കല്പങ്ങള്‍ക്കും വര്‍ത്തമാനകാല ഭാഷ്യം രചിച്ചിരിക്കുകയാണ്. ടെന്‍പോയിന്റ് മീഡിയയുമായി ചേര്‍ന്ന് ധന്വന്തരിയിലെ ഗുരുക്കളും സംവിധായകനും മാദ്ധ്യമപ്രവര്‍ത്തകനുമായ ഡോ.മഹേഷാണ് ചിത്ര സാക്ഷാത്കാരമൊരുക്കിയത്. നല്ലുടല്‍ പരിശീലന പദ്ധതിയിലെ ആംഗങ്ങളാണ് ഈ ദൃശ്യാവിഷ്‌കരണത്തിന് ചാരുത പകര്‍ന്നിരിക്കുന്നത്. ധന്വന്തരി കളരി സംഘത്തിന്റെ ആരോഗ്യപരിരക്ഷാ പദ്ധതിയാണ് നല്ലുടല്‍.

ഒന്‍പതു രാത്രികളുടെ മഹോത്സവമായ നവരാത്രി വിവിധങ്ങളായ ആചാരാനുഷ്ടാനങ്ങളോടെയാണ് രാജ്യത്താകമാനം ആഘോഷിക്കുന്നത്. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദുര്‍ഗാപൂജയുമായി ബന്ധപ്പെടുത്തിയാണ് നവരാത്രി ആഘോഷമെങ്കില്‍ വടക്ക് ദസ്സറ എന്ന സവിശേഷോത്സവമായാണ് ഈ വാരം കൊണ്ടാടുന്നത്. കേരളത്തിലാകട്ടെ ആയുധ പൂജയും അക്ഷര പൂജയുമുള്‍പ്പെടുന്ന വിദ്യാരംഭമായും നവരാത്രി ആഘോഷിക്കപ്പെടുന്നു.


ദുര്‍ഗാദേവിയെ ഒന്‍പത് രൂപങ്ങളില്‍ നവരാത്രി വേളയില്‍ ആരാധിക്കുന്നു. തിന്മയും നന്മയും തമ്മിലുള്ള പോരാട്ടമാണ് നവരാത്രിയുടെ അന്ത:സത്ത. ഇതിനാല്‍ത്തന്നെ മാതൃ സ്വരൂപിണിയായ പ്രകൃതിയുടെ ശക്തിമത്തായ അവതാരങ്ങളാണ് ഓരോന്നും. മഹിഷാസുരനെ നിഗ്രഹിക്കുന്ന ഉഗ്രഭാവമുള്ളവളായ ദുര്‍ഗയുടെ അപാര ശക്തിയും തീവ്ര ഭക്തിയും മാത്യ സഹജമായ സ്നേഹവും അളവില്ലാത്ത അനുഗ്രഹങ്ങളുമെല്ലാം ഒന്‍പത് അവതാരങ്ങളില്‍ പ്രതിബിംബിക്കുന്നു.


നവ ദുര്‍ഗാ സങ്കല്പത്തിലെ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്ര ഗന്ധ, കൂശ്മാണ്ഡ, സ്‌കന്ധ മാത, കത്യായനി, കാള രാത്രി, മഹാ ഗൗരി, സിദ്ധിധാത്രി മുതലായ അവതാരദേദങ്ങളെയാണ് പുരാണങ്ങളുടെ ആത്മസത്തക്ക് ചേരും വിധം വ്യത്യസ്തമായ കാഴ്ചപ്പാടോടെയാണ് ധന്വന്തരി കളരി സംഘം പുനസൃഷ്ടിക്കുന്നത്. ഓരോ നവരാത്രിയും ഓരോ ദുര്‍ഗാവതാരങ്ങളുടെ പേരിലാണ് ആരാധിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഓരോ രൂപവും സവിശേഷമായ സ്ത്രീശക്തിയുടെ പ്രതിഫലനമാണ്. ഇതില്‍ നിന്ന് ആശയവും പ്രചോദനവുമുള്‍ക്കൊണ്ടാണ് നവ ദുര്‍ഗമാര്‍ക്കുള്ള അഗസ്ത്യത്തിന്റെ ഈ ചിത്ര സാക്ഷാത്കാരം.