mahakshay-chakrabarthy

മുംബയ്: പ്രശസ്‌ത നടൻ മിഥുൻ ചക്രവർത്തിയുടെ മകൻ മഹാക്ഷയ് ചക്രവർത്തിക്കെതിരെ പീഡനക്കേസ്. 38 വയസുകാരിയുടെ പരാതിയെ തുടർന്ന് മുംബയ് ഓഷിവാര പൊലീസാണ് കേസെടുത്തത്.

മഹാക്ഷയ് ചക്രവർത്തി 2015 മുതൽ 2018 വരെ യുവതിയുമായി അടുപ്പത്തിലായിരുന്നു. 2015ൽ അന്ധേരിയിലെ ആദർശ് നഗറിലുള‌ള ഫ്ളാ‌റ്റിൽ വച്ച് മഹാക്ഷയ് യുവതിയെ പീഡിപ്പിച്ചു. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി നിരന്തരം ആവശ്യപ്പെട്ടിട്ടും മഹാക്ഷയ് തയ്യാറായില്ല. ഒടുവിൽ 2018ൽ ഗർഭിണിയായപ്പോൾ വിവാഹം കഴിക്കില്ലെന്നും ഗർഭം അലസിപ്പിക്കണമെന്നും മഹാക്ഷയ് യുവതിയെ അറിയിച്ചു. പിന്നീട് മഹാക്ഷയുടെ അമ്മയായ യോഗിത ബാലിയെ വിളിച്ചെങ്കിലും യോഗിത ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു.

തുടർന്ന് ഇരുവർക്കുമെതിരെ യുവതി ഡൽഹി ബീഗംപൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ബലാത്സംഗം,നിർബന്ധിച്ച് ഗർഭം അലസിപ്പിക്കൽ ഉൾപ്പെടെ വിവിധ ക്രിമിനൽ ചട്ടങ്ങളനുസരിച്ചാണ് പൊലീസ് കേസെടുത്തത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. മഹാക്ഷയ്‌ക്കും അമ്മയ്‌ക്കും ‌ജാമ്യം ലഭിച്ചു.

ഹൗണ്ടഡ് ത്രിഡി ഉൾപ്പെടെ ചിത്രങ്ങളിൽ അഭിനയിച്ച നടൻ കൂടിയാണ് മഹാക്ഷയ് ചക്രവർത്തി.