jacinda-ardern

വില്ലിംഗ്ടണ്‍: കൊവിഡ് മഹാമാരിയ്ക്കിടെ ന്യൂസീലാന്‍ഡ് പൊതുതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍. ഇതു രണ്ടാം വട്ടമാണ് ലേബര്‍ പാര്‍ട്ടി നേതാവായ ജസീന്ത ആര്‍ഡേണ്‍ ന്യൂസീലാന്‍ഡ് പ്രധാനമന്ത്രിപദത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ആദ്യഘട്ട വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ എതിരാളിയായ വലതുപക്ഷ കക്ഷി നാഷണല്‍ പാര്‍ട്ടിയ്ക്ക് ലഭിച്ചതിന്റെ ഇരട്ടിയോളം വോട്ടുകള്‍ ജസീന്ത ആര്‍ഡേണിന്റെ പാര്‍ട്ടിയ്ക്ക് ലഭിച്ചെന്നും ജസീന്ത ആര്‍ഡേണ്‍ വന്‍വിജയം നേടുമെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

തിരഞ്ഞെടുപ്പ് വിജയത്തില്‍ ജസീന്ത ആര്‍ഡേണിനെ അഭിനന്ദിച്ച നാഷണല്‍ പാര്‍ട്ടി നേതാവ് ജൂഡിത്ത് കോളിന്‍സ് കൊവിഡ് മഹാമാരി മൂലം രാജ്യത്ത് രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ മെച്ചപ്പെട്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ കേവലം ഭൂരിപക്ഷം നേടാന്‍ 40കാരിയായ ജസീന്ത ആര്‍ഡേണിന് കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ 24 വര്‍ഷം മുന്‍പ് ന്യൂസീലാന്‍ഡ് ആനുപാതിക വോട്ടിംഗ് സംവിധാനം നടപ്പിലാക്കിയതിനു ശേഷം ഇതുവരെ ഒരു പാര്‍ട്ടിയ്ക്കും കേവലഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിട്ടില്ല, മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കുകയായിരുന്നു ഇതുവരെ ന്യൂസീലാന്‍ഡിലെ പ്രധാന പാര്‍ട്ടികള്‍ ചെയ്തിരുന്നതെങ്കില്‍ ഇത്തവണ രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുന്‍പു തന്നെ ഏര്‍ളി വോട്ടിംഗ് സംവിധാനം ഉപയോഗിച്ച് നിരവധി പേര്‍ വോട്ട് ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം ജസീന്തയ്ക്ക് വന്‍ വരവേല്‍പ്പായിരുന്ന ലഭിച്ചത്. കൊവിഡ് മഹാമാരിയെ ഫലപ്രദമായി നേരിട്ടതിനു പിന്നാലെ ജസീന്തയുടെ ജനപ്രീതിയും വലിയ തോതില്‍ കൂടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

50 ലക്ഷത്തോളം ജനസംഖ്യയുള്ള ന്യൂസീലാന്‍ഡില്‍ നിലവില്‍ കൊവിഡ് സമൂഹവ്യാപനമില്ല. അതുകൊണ്ട് ആളുകള്‍ക്ക് മാസ്‌കും സാമൂഹിക അകലവും പാലിക്കേണ്ടതില്ല. 2017ലായിരുന്നു ജസീന്ത ആര്‍ഡേണ്‍ ആദ്യമായി പ്രധാനമന്ത്രിപദത്തിലെത്തുന്നത്. അന്ന് മറ്റു രണ്ട് പാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ചായിരുന്നു ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയത്.