
വാഷിംഗ്ടൺ: ഫ്രണ്ട്സ്, റോമൻസ്, കൺട്രി മെൻ ലെൻഡ് മീ യുവർ ഇയേഴ്സ് ഷേക്സ്പിയറുടെ വിശ്വവിഖ്യാത കൃതിയായ ജൂലിയസ് സീസറിലെ മാർക് ആന്റണിയുടെ ഈ പ്രസംഗം ആരും മറക്കാനിടയില്ല,
ഈ നാടക സമാഹാരത്തിന്റെ ഒരു കോപ്പി കഴിഞ്ഞ ദിവസം വിറ്റുപോയത് ഏകദേശം 73.22 കോടി രൂപയ്ക്കാണ്.അച്ചടിച്ച ഒരു സാഹിത്യകൃതിക്ക് ലേലത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. 36 നാടകങ്ങളുള്ള ആദ്യ ഫോളിയോയുടെ വെറും 6 പ്രതികളാണ് സ്വകാര്യവ്യക്തികളുടെ കയ്യിലുള്ളത്. കാലിഫോർണിയയിലെ ഓക്ലൻഡിലുള്ള സ്വകാര്യ കോളജ് ലേലത്തിനു വച്ച സമാഹാരം അപൂർവ പുസ്തകങ്ങളും ഫോട്ടോകളും ശേഖരിക്കുന്നത് പതിവാക്കിയ സ്റ്റീഫൻ ലൂവെന്തെയിലാണ് സ്വന്തമാക്കിയത്.
2001 ൽ ഇതേ ഫോളിയോയുടെ മറ്റൊരു പ്രതി 45.24 കോടി രൂപയ്ക്കു വിറ്റുപോയിരുന്നു. ഈ റെക്കോർഡാണ് ഇത്തവണ പഴങ്കഥയായത്.
ഷേക്സ്പിയർ മരിച്ച് 7 വർഷത്തിനു ശേഷം അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് സമാഹാരം പുറത്തിറക്കിയത്. മാക്ബത്തും ജൂലിയസ് സീസറുമടക്കം മുൻപൊരിക്കലും അച്ചടിമഷി പുരളാത്ത 18 നാടകങ്ങൾ ഇതിൽ ആദ്യമായി ഇടംപിടിച്ചിരുന്നു.