
മുംബയ്: ട്വിറ്ററിലൂടെ മതസ്‌പർധയുണ്ടക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ ബോളിവുഡ് നടി കങ്കണ റണൗട്ടിനും സഹോദരി രംഗോലി ചന്ദേലിനുമെതിരെ കേസെടുക്കാൻ മുംബയ് പൊലീസിന് കോടതി ഉത്തരവ്. മഹാരാഷ്ട്ര ബന്ദ്ര മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന്റേതാണ് നിർദ്ദേശം.
ബോളിവുഡിലെ കാസ്‌റ്റിംഗ് ഡയറക്ടറായ സാഹിൽ അഷ്‌റഫലി സയ്യിദാണ് പരാതി നൽകിയത്. കഴിഞ്ഞ രണ്ട് മാസമായി കങ്കണ റണൗട്ട് ബോളിവുഡിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയാണെന്ന് പരാതിയിൽ പറയുന്നു.
മതത്തിന്റെ പേരിൽ കലാകാരന്മാരെ ഭിന്നിപ്പിക്കാനാണ് ട്വീറ്റുകളിലൂടെ നടി ശ്രമിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള ട്വീറ്റുകളും നടി പോസ്‌റ്റ് ചെയ്‌തെന്നും പരാതിയിൽ പറയുന്നു.
പ്രഥമദൃഷ്ട്യാൽ പരാതിയിൽ കഴമ്പുണ്ടെന്നും ആരോപണ വിധേയ കുറ്റം ചെയ്തതായി ബോദ്ധ്യപ്പെട്ടുവെന്നും മെട്രോപോളിറ്റൻ മജിസ്‌ട്രേട്ട് ജയ്ദിയോ ഖുലേ പറഞ്ഞു.
അതേസമയം, തനിക്കെതിരെയുള്ള പരാതിയിലും കങ്കണ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. നവരാത്രി ആഘോഷത്തിന്റെ ചിത്രങ്ങൾക്കൊപ്പമാണ് പരാതിയെക്കുറിച്ചും നടി പറഞ്ഞിരിക്കുന്നത്. മഹാരാഷ്ട്രയിലെ പപ്പു സേന തനിക്കെതിരെ മറ്റൊരു എഫ്.ഐ.ആർ കൂടി ഫയൽ ചെയ്‌തുവെന്നാണ് കങ്കണ പറയുന്നത്.