vaccine

ന്യൂഡൽഹി: കൊവിഡ് രോഗത്തെ തടയുന്നതിനുള്ള വാക്സിൻ ലഭ്യമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ എല്ലാ ജനങ്ങൾക്കും അത് 'വേഗത്തിൽ ലഭിക്കാനുള്ള' നടപടികളിലേക്ക് കടക്കാൻ ഉന്നതോദ്യോഗസ്ഥർക്ക് നിർദേശം നൽകി പ്രധാനമന്ത്രി മോദി. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ എത്തിക്കേണ്ടതുണ്ടെന്നും അത് ചെയ്യുമ്പോൾ രാജ് ത്തിന്റെ ഭൂവ്യാപ്തിയും വൈവിധ്യവും കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.

ശനിയാഴ്ച നടന്ന ഉന്നതതല യോഗത്തിൽ വാക്സിൻ വിതരണം ചെയ്യുന്നതിനായുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തുകയായിരുന്നു പ്രധാനമന്ത്രി മോദി. രാജ്യത്തിന് വാക്സിൻ ലഭിക്കുമ്പോൾ ഇന്ത്യയിലെ ഓരോ പൗരനും അത് ലഭിക്കുന്ന രീതിയിലായിരിക്കണം തയ്യാറെടുപ്പുകൾ നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിൻ വിതരണത്തിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ പരിശോധനകൾ നടത്തേണ്ടതുണ്ട്.

വാക്സിൻ സൂക്ഷിക്കുന്നതിനാവശ്യമായ കോൾഡ് സ്റ്റോറേജുകൾ, വാക്സിനേഷൻ നടക്കുന്ന ക്ലിനിക്കുകളെ നിരീക്ഷിക്കാനുള്ള സംവിധാനം, വാക്സിൻ നൽകുന്നതിന് ആവശ്യമായ സിറിഞ്ച് പോലുള്ള മെഡിക്കൽ ഉപകരണങ്ങളുടെ സജ്ജീകരണം എന്നിവ സംബന്ധിച്ചും കൃത്യമായ തയ്യാറെടുപ്പുകൾ നടത്തണം. പ്രധാനമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചു.

രാജ്യത്തെ തിരഞ്ഞെടുപ്പുകളുടെ നടത്തിപ്പ്, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ എന്നിവയിൽ നിന്നും പാഠമുൾക്കൊണ്ട് വേണം കൊവിഡ് വാക്സിൻ വിതരണം നടത്തേണ്ടതെന്നും പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ഈ വിഷയം സംബന്ധിച്ച രണ്ടാമത്തെ യോഗത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. രാജ്യമാകെ വാക്സിൻ വിതരണം ചെയ്യുന്നതിനായി ഇന്ത്യയുടെ നാഷണൽ എക്സ്പെർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷൻ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും മരുന്ന് കമ്പനികളുമായും ചർച്ചകൾ നടത്തിവരികയാണ്.