
ശബരിമല : തൃശൂർ മാള പൂപ്പത്തി വരിക്കാട്ട് മഠത്തിൽ വി.കെ. ജയരാജ് പോറ്റി (50) ശബരിമലയിലും എറണാകുളം അങ്കമാലി വേങ്ങൂർ മൈലക്കോട് ഇല്ലത്ത് എം.എൻ. രജികുമാർ (45) മാളികപ്പുറത്തും മേൽശാന്തിമാരാകും. നവംബർ 16 മുതൽ ഒരുവർഷമാണ് കാലാവധി. ഇന്നലെ രാവിലെ ഉഷഃപൂജയ്ക്ക് ശേഷം ശ്രീകോവിലിന് മുന്നിലായിരുന്നു നറുക്കെടുപ്പ്. പന്തളം കൊട്ടാരം നിർവാഹക സമിതി തിരഞ്ഞെടുത്തയച്ച കൗഷിക് വർമ്മയും ഋഷികേശ് വർമ്മയുമാണ് നറുക്കെടുത്തത്. ഏഴാമത്തെ നറുക്കിലാണ് അന്തിമ പട്ടികയിലെ മൂന്നാം റാങ്കുകാരനായ വി.കെ. ജയരാജ് പോറ്റി തിരഞ്ഞെടുക്കപ്പെട്ടത്. 2005 - 2006 കാലയളവിൽ മാളികപ്പുറം മേൽശാന്തിയായിരുന്നു. അഞ്ചാമത്തെ നറുക്കിലാണ് പട്ടികയിൽ മൂന്നാം സ്ഥാനക്കാരനായ രജികുമാർ മാളികപ്പുറം മേൽശാന്തിയായത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു, ബോർഡ് അംഗങ്ങളായ അഡ്വ.എൻ.വിജയകുമാർ, അഡ്വ.കെ.എസ്.രവി, ശബരിമല സ്പെഷ്യൽ കമ്മിഷണർ ജി. മനോജ്, ദേവസ്വം കമ്മിഷണർ ബി.എസ്.തിരുമേനി, ഹൈക്കോടതി നിരീക്ഷകൻ ജസ്റ്റിസ് കെ.പദ്മനാഭൻ നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്. നിയുക്ത മേൽശാന്തിമാർ നവംബർ 16 ന് എത്തും. വൈകിട്ട് തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ അവരോധന ചടങ്ങ് നടക്കും.