emmanuel-macron

പാരിസ്: ഫ്രാൻസിൽ പട്ടാപകൽ അദ്ധ്യാപകനെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. നടന്നത് ഇസ്‌ലാമിക ഭീകരാക്രമണമാണെന്നും ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആക്രമണം നടന്ന പാരിസിലെ കോൺഫ്ള സെയ്‌ന്ത് ഹൊണോറീൻ പട്ടണത്തിലെ സ്‌കൂൾ അദ്ദേഹം സന്ദർശിക്കുകയും ചെയ്തു.

'അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും, വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും പഠിപ്പിക്കാൻ ശ്രമിച്ച നമ്മുടെ പൗരന്മാരിൽ ഒരാൾ ഇന്ന് കൊല്ലപ്പെട്ടു. എന്നാൽ ഈ ആക്രമണം ഫ്രാൻസിനെ ഭിന്നിപ്പിക്കാൻ അനുവദിക്കരുത് അതാണ് മതമൗലികവാദികളുടെ ആവശ്യം. നാമെല്ലാവരും ഉത്തമ പൗരന്മാരായി ഒന്നിച്ചുനിൽക്കുകയാണ് വേണ്ടത്.'-ഫ്രഞ്ച് പ്രസിഡന്റിന്റെ വാക്കുകൾ.

സാമുവൽ പാറ്റി എന്ന് പേരുള്ള 47കാരൻ ഭൂമിശാസ്ത്ര, ചരിത്ര അദ്ധ്യാപകനെ ഇന്നലെ ഉച്ചയോടെയാണ് 19കാരൻ യുവാവ് ഇദ്ദേഹം ജോലി ചെയ്യുന്ന സ്കൂളിനടുത്ത് വച്ച് പട്ടാപകൽ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പ്രവാചകനെ ചിത്രീകരിക്കുന്ന വിവാദമായ ഷാർലി എബ്ദോ കാർട്ടൂണുകൾ ക്ലാസിൽ പ്രദർശിപ്പിച്ചു എന്ന കാരണം പറഞ്ഞാണ് ഇയാൾ അദ്ധ്യാപകനെ വധിച്ചത്. ചെച്ച്ന്യൻ വംശജനായ യുവാവ് സംഭവത്തെ തുടർന്ന് പൊലീസ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.