
ബാംഗ്ലൂർ 7വിക്കറ്റിന് രാജസ്ഥാനെ കീഴടക്കി
എ ബി ഡിവില്ലിയേഴ്സ് വിജയശില്പി
ദുബായ്: വെടിക്കെട്ട് ബാറ്റിംഗുമായി കളംനിറഞ്ഞ എ ബി ഡിവില്ലിയേഴ്സിന്റെ മികവിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിന് കീഴടക്കി. ഐ.പി.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുത്തു. മറുപടിക്കിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 2 പന്ത് ബാക്കി നിൽക്കെ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു (179/3). പുറത്താകാതെ 22 പന്തിൽ 6 സിക്സും 1 ഫോറും ഉൾപ്പെടെ അതിവേഗം 55 റൺസ് അടിച്ചെടുത്ത ഡിവില്ലിയേഴ്സാണ് ബാംഗ്ലൂരിന് വിസ്മയ ജയം സമ്മാനിച്ചത്. 32 പന്തിൽ 2 സിക്സിന്റെയും 1 ഫോറിന്റേയും അകമ്പടിയോടെ 43 റൺസെടുത്ത നായകൻ വിരാട് കൊഹ്ലിയും ബാംഗ്ലൂരിന്റെ ജയത്തിൽ ബാറ്റ് കൊണ്ട് നിർണായക സംഭാവന നൽകി. ഓപ്പണർ ദേവ്ദത്ത് പടിക്കലും (37 പന്തിൽ 35) തിളങ്ങി. അതേസമയം ആരോൺ ഫിഞ്ച് (14) നിറംമങ്ങി.
ഒരു ഘട്ടത്തിൽ തോൽവിയുടെ വക്കിലായിരുന്ന ബാംഗ്ലൂരിനെ ഡിവില്ലിയേഴ്സ് ഒറ്റയ്ക്ക് തോളിലേറ്റി വിജയതീരത്തെത്തിക്കുകയായിരുന്നു. 2 ഓവർ ബാക്കിനിൽക്കെ ബാംഗ്ലൂരിന് ജയിക്കാൻ വേണ്ടത് 35 റൺസായിരുന്നു. എന്നാൽ ജയദേവ് ഉനദ്കഡ് എറിഞ്ഞ പത്തൊമ്പതാം ഓവറിലെ ആദ്യ മൂന്ന് പന്തുകളും സിക്സറിന് പറത്തി ഡിവില്ലിയേഴ്സ് മത്സരം ബാംഗ്ലൂരിന് അനുകൂലമാക്കുകയായിരുന്നു. അഞ്ചാം പന്തിൽ ഗുർകീരത് സിംഗ് ഒരു ഫോർ കൂടി നേടിയതോടെ ബാംഗ്ലൂരിന്റെ സമ്മർദ്ദം അകന്നു. 25 റൺസാണ് ഉനദ്കഡിന്റെ ആ ഓവറിൽ പിറന്നത്. അവസാന ഓവറിൽ അവർക്ക് ജയിക്കാൻ 10 റൺസാണ് വേണ്ടിയിരുന്നത്. ഗുർകീരത് ആദ്യ പന്തിൽ ഡബിളും അടുത്ത പന്തിൽ സിംഗിളും നേടി. മൂന്നാം പന്തിൽ ഡബിൾ നേടിയ ഡിവില്ലിയേഴ്സ് നാലാം പന്തിൽ ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്സ് നേടി ബാംഗ്ലൂരിന്റെ ജയം ഉറപ്പിക്കുകയായിരുന്നു. ഡിവില്ലിയേഴ്സ് തന്നെയാണ് കളിയിലെ കേമൻ. ഗുർകീരത് (17 പന്തിൽ 19) ഡിവില്ലിയേഴ്സിനൊപ്പം പുറത്താകാതെ നിന്നു. ഗോപാലും ത്യാഗിയും തെവാതിയയും രാജസ്ഥാനായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ ബെൻ സ്റ്റോക്സിനൊപ്പം റോബിൻ ഉത്തപ്പയാണ് രാജസ്ഥാന്റെ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. തനിക്ക് സ്ഥാനക്കയറ്റം നൽകിയതിനെ ശരിവയ്ക്കുന്ന പ്രകടനമാണ് ഉത്തപ്പ പുറത്തെടുത്തത്. 22 പന്തിൽ 7 ഫോറും 1 സിക്സും ഉൾപ്പെടെ ഉത്തപ്പ 42 റൺസ് നേടി. ഐ.പി.എല്ലിൽ 4500 റൺസ് തികയ്ക്കാനും ഉത്തപ്പയ്ക്കായി. അർദ്ധ സെഞ്ച്വറി നേടിയ നായകൻ സ്റ്റീവൻ സ്മിത്താണ് (36 പന്തിൽ 57) രാജസ്ഥാന്റെ ടോപ് സ്കോറർ. മദ്ധ്യനിരയിലേക്ക് ഇറങ്ങിയ ജോസ് ബട്ട്ലർ 25 പന്തിൽ 24 റൺസെടുത്തു. മലയാളി താരം സഞ്ജു സാംസണ് 9 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ചഹലിന്റെ പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച സഞ്ജുവിനെ ക്രിസ് മോറിസ് കൈയിൽ ഒതുക്കുകയായിരുന്നു. ബൗളിംഗിലും തിളങ്ങിയ മോറിസ് 4 വിക്കറ്റാണ് എടുത്തത്. ചഹൽ രണ്ട് വിക്കറ്റ് വീഴ്ത്തി.
9 മത്സരങ്ങളിൽ നിന്ന് 6-ാം ജയം നേടിയ ആർ.സി.ബി മൂന്നാം സ്ഥാനത്താണ്
9 മത്സരങ്ങളിൽ 6-ാം തോൽവി വഴങ്ങിയ രാജസ്ഥാൻ ഏഴാം സ്ഥാനത്താണ്