vaccine

പൂനെ: ഡിസംബർ അവസാനത്തോടെ 200 മുതൽ 300 ദശലക്ഷം വരെയുള്ള കൊവി‌ഡ് വാക്സിൻ ഡോസുകൾ തയ്യാറാക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.സുരേഷ് ജാദവ് . ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയാൽ 2021 മാർച്ചോടെ കൊവിഡ് വാക്സിൻ ഏവർക്കും ലഭ്യമാക്കുമെന്നും സുരേഷ് ജാദവ് പറഞ്ഞു. കൊവിഡ് വെെറസിനെ നേരിടാൻ അ‌ഞ്ച് വ്യത്യസ്ത തരം ഉത്പന്നങ്ങൾ നിർമിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയാൽ ഇതിന് പിന്നാലെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം തേടും.ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചാൽ മാത്രമെ ഗാവിയെപോലെയുള്ള അന്താരാഷ്ട്ര സംഘടനകൾ ഈ വാക്സിൻ വാങ്ങുകയുള്ളുവെന്നും സുരേഷ് ജാദവ് പറഞ്ഞു. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡി.സി.ജി.ഐയുമായും ലോകാരോഗ്യ സംഘടനയുമായും ഒരേസമയം ബന്ധപ്പെട്ട് മുന്നോട്ട് പോകുന്നതിനാൽ സമയം ലാഭിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിലൂടെ 2021 ആദ്യം തന്നെ വാക്സിൻ ഏവരിലും എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഡോ.സുരേഷ് ജാദവ് പറഞ്ഞു.

നേരത്തെ വാക്സിൻ നിർമാതാക്കളായ ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനി അസ്ട്ര സെനേക്ക അമേരിക്കയിൽ പരീക്ഷണം താൽക്കാലികമായി നിറുത്തിവച്ചിരുന്നു. പിന്നാലെ ഡി.സി.ജി.ഐ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകി.
തുടർന്ന് വാക്സിൻ പരീക്ഷണം സെറം ഇൻസ്റ്റിറ്റ്യൂട്ടും താല്ക്കാലികമായി നിറുത്തിവച്ചു. പിന്നാലെ ഡി.സി.ജി.ഐയുടെ അനുമതി ലഭിച്ചതിന് ശേഷമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷണം ആരംഭിച്ചത്.