
ഇസ്ലാമാബാദ്: പാകിസ്ഥാൻ സൂപ്പർ പേസർ ഉമർ ഗുൽ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു.ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നാഷണൽ ടി-20 കപ്പോടെ വിരമിക്കുകയായണെന്നാണ് ടൂർണമെന്റിൽ ബലൂചിസ്ഥാൻ ടീമംഗംമായ ഗുൽ അറിയിച്ചത്. വളരെ ചിന്തിച്ച ശേഷം ഹൃദയവേദനയോടെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഗുൽ അറിയിച്ചത്. ബലൂചിസ്ഥാൻ ടീം കഴിഞ്ഞ ദിവസം സതേൺ പഞ്ചാബ് ടീമിനോട് തോറ്റ് സെമിയിൽ എത്താതെ പുറത്തായിരുന്നു. 36 കാരനായ ഗുൽ 2016ലാണ് അവസാനമായി പാകിസ്ഥാനായി കളത്തിലിറങ്ങിയത്. 2003 ഏപ്രിലിൽ സിംബാബ്വെയ്ക്കെതിരേ അരങ്ങേറ്റം കുറിച്ച ഗുൽ പാകിസ്ഥാനായി 47 ടെസ്റ്റിൽ നിന്ന് 163 വിക്കറ്റും 130 ഏകദിനങ്ങളിൽ നിന്ന് 179 വിക്കറ്റും 60 ട്വന്റി- 20 മത്സരങ്ങളിൽ നിന്ന് 85 വിക്കറ്റും നേടിയിട്ടുണ്ട്. 2016-ൽ ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ശേഷം ആഭ്യന്തര ട്വന്റി- 20 ലീഗുകളുടെ ഭാഗമായിരുന്നു.യോർക്കറുകൾ മാസ്റ്റർ പീസായിരുന്ന ഗുൽ 2002-ലെ അണ്ടർ 19 ലോകകപ്പോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഇന്ത്യ കിരീടം നേടിയ 2007-ലെ പ്രഥമ ട്വന്റി- 20 ലോകകപ്പിൽ 13 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരിൽ മുന്നിലായിരുന്നു ഗുൽ.