
ഒരിക്കൽ വേണ്ട സഹായം നൽകി ശൂർപ്പണഖയെ രക്ഷിക്കാൻ ശ്രമിച്ചതാണ്. അതുവിജയിച്ചില്ല. ശത്രുക്കളെ നിഗ്രഹിക്കാൻ ഏറ്റവും പ്രബലരായ രാക്ഷസസംഘത്തെയാണ് നിയോഗിച്ചത്. അത് ഫലിക്കാതെ വന്നപ്പോൾ ശൂർപ്പണഖ എന്തൊക്കെയാണ് അധിക്ഷേപിക്കുന്നത്. ഹൃദയഭേദകമാണ് ആ വാക്കുകൾ. തന്റെ വീര്യത്തെയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യുന്നു. ഖരന് ദുഃഖവും ക്രോധവും തോന്നി. അത് വാക്കുകളായി പുറത്തുവന്നു. നിന്റെ മാനക്കേടോർക്കുമ്പോൾ ദുഃഖവും കോപവും അടക്കാനാവുന്നില്ല. വേലിയേറ്റത്തിലെ തിരകൾ പോലെയാണ് എന്റെ ക്ഷോഭം. രാമന്റെ അന്ത്യം അടുക്കാറായിരിക്കുന്നു. എന്റെ ശക്തിയെക്കുറിച്ച് നിനക്ക് തന്നെ നിശ്ചയമില്ല. ദുഷ്‌ടനായ രാമന്റെ ജീവിതം ഞാൻ അവസാനിപ്പിക്കാൻ പോകുകയാണ്. നീ ധൈര്യമായിരിക്കുക. ദുഃഖമടുക്കുക. ഇനി കണ്ണീരും വിലാപവും വേണ്ട. ഈ വെണ്മഴു കണ്ടോ? രാമലക്ഷ്‌മണന്മാരെ കാലപുരിക്കയക്കാൻ ഇതുധാരാളം. നിനക്ക് അവരുടെ ചോര ആവോളം പാനം ചെയ്യാം.
ഖരന്റെ അഹന്തയും പ്രതികരാവും കലർന്ന വാക്കുകൾ കേട്ടപ്പോൾ ശൂർപ്പണഖയ്‌ക്ക് സന്തോഷമായി. അതുവരെ അധിക്ഷേപിച്ച ഖരനെ വാനോളം വാഴ്‌ത്താൻ തുടങ്ങി. കാര്യസാദ്ധ്യതയ്‌ക്ക് മുൻതൂക്കം നൽകുന്ന ശൂർപ്പണഖയുടെ പുതിയ തന്ത്രമായിരുന്നു അത്. ആത്മപ്രശംസ ഇഷ്‌ടപ്പെടുന്നവരാണ് അധികവും. ആദ്യം ശകാരിക്കുകയും നിന്ദിക്കുകയും ചെയ്‌തവർ അനുകൂലമായെന്ന് കണ്ടാൽ തന്റെ നിലപാട് മാറ്റും. പറഞ്ഞതൊക്കെ വിഴുങ്ങുകയോ മറന്നതായി അഭിനയിക്കുകയോ ചെയ്യും. ശൂർപ്പണഖയുടെ തന്ത്രം ഫലിച്ചു. സന്തുഷ്‌ടനായ ഖരൻ സേനാപതിയായ ദൂഷണനോടായി ഇപ്രകാരം കല്‌പിച്ചു. പതിനാല് യുവവീരന്മാരെ അയച്ചിട്ട് ഫലിച്ചിട്ട് ഇനി എന്റെ ഇംഗിതം മനസിലാക്കി എന്തും ചെയ്യുന്ന പതിനാലായിരം ശക്തന്മാരെ വിളിക്കുക. ഒരിക്കലും പിന്തിരിയാത്തവർ കൊടും ക്രൂരന്മാർ, ഹിംസ ഒരു വിനോദമായി കാണുന്നവർ അവരെ മുഴുവൻ വിളിക്കുക. പിന്നെ എന്റെ തേര് വരുത്തുക. എല്ലാ വിധ ആയുധങ്ങളും വേണം. ചാപങ്ങൾ, ശരങ്ങൾ, വാളുകൾ, വേലുകൾ എല്ലാം വരുത്തുക, മുന്നിലായി ഞാൻ തന്നെ നിൽക്കാം. ശൂർപ്പണഖയെ അപമാനിക്കുകയും മുറിവേല്‌പിക്കുകയും ചെയ്‌ത രാമനേയും ലക്ഷ്‌മണനേയും ഞാൻ തന്നെ നിഗ്രഹിക്കാം.
ഖരന്റെ വാക്കുകൾ ശിരസാവഹിച്ച സേനാപതിയായ ദൂഷണൻ വിചിത്രങ്ങളായ അശ്വങ്ങളെ കെട്ടിയ തേജസാർന്ന രഥം കൊണ്ടുവന്നു. പിന്നെ ഖരനെ പ്രണിച്ചുകൊണ്ടു പറഞ്ഞു: അല്ലയോ പ്രഭോ സ്വർണനിർമ്മിതവും വൈഡൂര്യം പതിച്ചതുമായ രഥം എത്തിക്കഴിഞ്ഞു. അത്യാകർഷകമാണ് ഖരന്റെ രഥം. സ്വർണചക്രങ്ങൾ, കനകംകൊണ്ടുള്ള നായം, മത്സ്യം, പുഷ്പം, മാല, പക്ഷികൾ എന്നീ രൂപങ്ങളാർന്നതും ആയുധങ്ങൾ നിറച്ചതുമായ രഥത്തിൽ കോപാഗ്നി ജ്വലിക്കുന്ന ഭാവത്തോടെ ഖരൻ കയറി. അതുകണ്ട് സേന ഇളകി മറിയുകയും ഖരന്റെ രഥത്തെ അനുഗമിക്കാൻ ഒരുങ്ങുകയും ചെയ്‌തു. അവരോട് മുന്നോട്ട് നീങ്ങാൻ ഖരൻ കൽപ്പിച്ചു. അഹങ്കാരത്തോടും ആക്രോശത്തോടും ഖരൻ കൂടെയുള്ള സൈന്യത്തിന്റെ ആവേശം വർദ്ധിപ്പിച്ചു. മൂർച്ചയേറിയ ആയുധങ്ങളേന്തിയ പതിനാലായിരം ഭടന്മാർ ഖരനെ അനുഗമിച്ചു.
നായകനായ ഖരന്റെ വീര്യം സേനാംഗങ്ങൾക്ക് ഹരമായി. രാക്ഷസവീരന്റെ മനോഗതി മനസിലാക്കിയ ഭടന്മാർ ആവേശത്തോടെ അതിവേഗത്തിൽ ഓടിത്തുടങ്ങി. അതുകണ്ട് പരാക്രമിയായ ഖരൻ വേഗത്തിൽ തേര് തെളിച്ചു. ഖരൻ്റെ രഥവേഗവും ഒച്ചയും എട്ടുദിക്കുകളെയും ഞെട്ടിച്ചു. രാമലക്ഷ്‌മണന്മാരെ നിഗ്രഹിച്ചേ അടങ്ങൂ എന്ന വാശിയിൽ കോപാകുലനായി മുന്നേറുന്ന ഖരൻ അതിൽ മതിവാരതെ കുതിരകളുടെ വേഗത വീണ്ടും കൂട്ടാൻ കല്‌പിച്ചു. കാറ്റിനെ കൊടുങ്കാറ്റ് ആവേശിക്കുന്നതുപോലെ കുതിരകളുെ വേഗവും കൂടിക്കൂടിവന്നു.
(ഫോൺ: 9946108220)