
കുട്ടികളുടെ സംഗീത റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെ പരിപാടിയിൽ അനർഹമായ കുട്ടിക്ക് പരിപാടിയുടെ ജഡ്ജുകളിൽ ഒരാളായ ഗായകൻ എം.ജി ശ്രീകുമാർ നാലാം സ്ഥാനം നൽകി എന്നാരോപിച്ച യുവാക്കൾ ഗായകനോട് മാപ്പ് ചോദിക്കുന്ന വീഡിയോ വൈറലായി മാറുന്നു. എം.ജി ശ്രീകുമാറിന് അപകീർത്തി വരുത്തുന്ന രീതിയിൽ ഒരു യൂട്യൂബ് ചാനൽ വഴി ദുഷ്പ്രചരണം നടത്തിയ യുവാക്കൾ തങ്ങൾക്ക് തെറ്റ് പറ്റിയെന്നും ഇക്കാര്യത്തിൽ മാപ്പ് ചോദിക്കുന്നതുമായ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
എം.ജി ശ്രീകുമാർ തന്നെയാണ് യുവാക്കളുടെ മാപ്പ് പറച്ചിലിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനൽ വഴി പുറത്തുവിട്ടത്. പരിപാടിയിൽ പങ്കെടുത്ത കുട്ടികളെല്ലാം തനിക്ക് ഒരുപോലെയാണെന്നും പരിപാടി കഴിഞ്ഞ് ഇവരെല്ലാം പോയപ്പോൾ തനിക്ക് ഒരുപാട് വിഷമായെന്നും ഗായകൻ വീഡിയോയിലൂടെ പറയുന്നു.
താൻ വളരെ സത്യസന്ധതയോട് കൂടിയാണ് പരിപാടിയുടെ ജഡ്ജായി ഇരുന്നിട്ടുള്ളതെന്നും തനിക്ക് ഏറെ പ്രിയപ്പെട്ട ഈ കുട്ടികൾ കണ്ണീര് പൊഴിക്കാൻ താൻ അനുവദിക്കില്ലെന്നും പറഞ്ഞുകൊണ്ടാണ് എം.ജി തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.
യൂട്യൂബ് വഴി അപവാദപ്രചരണം നടത്തി അപമാനിച്ചുവെന്ന ഗായകൻ എം.ജി. ശ്രീകുമാറിന്റെ പരാതിയിൽ മൂന്ന് യൂട്യൂബർമാർക്കെതിരെ ചേർപ്പ് പോലീസ് കേസെത്തിരുന്നു. പാറളം പഞ്ചായത്തിലെ യൂട്യൂബർമാർമാരുടെ പേരിലാണ് കേസ്. അഞ്ച് ലക്ഷത്തോളം ആളുകൾ ഇവരുടെ വീഡിയോ കണ്ടിരുന്നു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ഇവർ ചെയ്തതെന്ന് എം.ജി. ശ്രീകുമാർ ഡി.ജി.പി.ക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്.