
ഊട്ടിയിൽ മധുവിധുവിന് പോയതായിരുന്നു മനോഹരനും സുമിത്രയും. ഗൾഫുകാരനായ മനോഹരന് രണ്ടുമാസത്തെ അവധിയേയുള്ളൂ. അതിനിടയിൽ ബന്ധുഭവനങ്ങളും സുഹൃത്തുക്കളുടെ വീടുകളും സന്ദർശിക്കണം. ബോട്ട് യാത്രയ്‌ക്കിടയിൽ വലിയ തയ്യാറെടുപ്പോടെയാണ് സുമിത്ര ഒരു കാര്യം ആവശ്യപ്പെട്ടത്. അപ്പോൾ നവവധുവിന്റെ നാണമൊന്നും ആ മുഖത്ത് ഉണ്ടായിരുന്നില്ല. ആവശ്യം എന്നതിനേക്കാൾ അത് ഒരു അപേക്ഷയായിരുന്നു. കൈകേയിപ്പോലെ പിന്നീട് വലിയ പൊല്ലാപ്പായി മാറുന്ന വരവുമാണോ എന്ന് മനോഹരൻ ചോദിച്ചു. അല്ല ചെറിയൊരു ഡിമാൻഡ്. അത് അംഗീകരിച്ച് തരുമെന്ന് എനിക്കുറപ്പുണ്ട് താനും. എന്തായിരിക്കും ഡിമാൻഡ്? വിലകൂടിയ വസ്ത്രങ്ങളോ സ്വർണാഭരണങ്ങളോ ബോട്ട് തുഴയുന്ന തമിഴ് യുവാവിനെ ശ്രദ്ധിക്കുന്നതിനിടയിൽ പലതരം ചിന്തകൾ മനോഹരന്റെ മനസിലൂടെ കടന്നുപോയി. പക്ഷേ ഒരിക്കലും സ്വപ്‌നത്തിൽപോലും കടന്നുവരാനിടയില്ലാത്ത ഒരാവശ്യമാണ് മണവാട്ടിയിൽ നിന്നുണ്ടായത്.
അച്‌ഛനുമമ്മയും എനിക്ക് ജീവനാണ്. എന്റെ പേരിനൊപ്പം അച്‌ഛന്റെ പേരുമുണ്ട്. എഴുതിയും ഒപ്പിട്ടും ആ പേര് മനസിൽ പതിഞ്ഞുപോയി. ദയവായി അത് മാറ്റാൻ നിർബന്ധിക്കരുത്. ഭർത്താവിന്റെ പേര് പിന്നിലല്ല. എന്റെ പേരിന്റെയും മനസിന്റെയും മുന്നിൽ തന്നെയുണ്ടാകും. മധുവിധുയാത്ര കഴിഞ്ഞ് മടങ്ങി സുഹൃത്തുക്കൾക്കൊപ്പം ഉല്ലസിക്കുന്ന നിമിഷത്തിൽ സുമിത്രയുടെ അപേക്ഷയും അതിന് താൻ അംഗീകാരം നൽകിയതും മനോഹരൻ അവതരിപ്പിച്ചു. സുഹൃത്തുക്കൾക്ക് വലിയ അതിശയമായിരുന്നു. വ്യത്യസ്‌തയായ ഒരു സ്ത്രീ മനസാണല്ലോ. സമ്മതിക്കണം. ആ അച്‌ഛനും അച്‌ഛന് ജനിച്ച മകളും ഭാഗ്യം ചെയ്‌തവരാണ്. എന്താ അങ്ങനെയൊരു ആവശ്യം സുമിത്ര ഉന്നയിക്കാൻ കാരണം? അതുചോദിച്ചില്ലേ? ഒരു സുഹൃത്തിന്റെ സ്വാഭാവികമായ സംശയം. ആ സംശയം മാറ്റാൻ സുമിത്ര പറഞ്ഞ ചില കാര്യങ്ങൾ തന്നെ മനോഹരൻ നിരത്തി.
അമ്മമാർ ജീവിതത്തിൽ ഒരുപാട് ത്യാഗം ചെയ്യുന്നു. സഹിക്കുന്നു. പക്ഷേ അതിന്റെ പകുതിയെങ്കിലും സ്നേഹവും ആദരവും പുകഴ്‌ത്തലും അമ്മമാർക്ക് തിരിച്ച് കിട്ടുന്നു. അച്‌ഛന്മാർ അങ്ങനെയല്ല. തുമ്പിയെപ്പോലെ എടുക്കാൻ വയ്യാത്ത എത്ര വലിയ കല്ലെടുപ്പിച്ചാലും നിശബ്‌ദം സഹിക്കും. അധികം നെടുവീർപ്പുകളില്ല. കണ്ണീവാർക്കലുകളില്ല. അവരൊഴുക്കാത്ത കണ്ണീരും നെടുവീർപ്പും അധികമാരും തിരിച്ചറിഞ്ഞെന്ന് വരില്ല. തിരിച്ചറിയണമെന്ന നിർബന്ധബുദ്ധി അവരിൽ ബഹുഭൂരിപക്ഷത്തിനും ഇല്ല താനും. ഭാര്യ പറഞ്ഞ വാക്കുകൾ മനോഹരൻ നിരത്തിയപ്പോൾ സുഹൃത്തുക്കൾ ഒരുനിമിഷം നിശബ്‌ദരായി. ശരിയാണ് സ്ത്രീത്വം സ്വർണജ്വാലകളായി പ്രകാശിക്കുന്നു. പുറമേയെല്ലാവരും കണ്ടുതൊഴുന്നു. അതിനടിയിൽ ചാമ്പലായി അടിയുന്നതാണ് പിതാക്കന്മാരുടെ സ്നേഹം. സ്ത്രീചിത്തം ആഴത്തിൽ കാണാൻ ഒരു പുരുഷനേ കഴിയൂ. പുരുഷഹൃദയം അതേപോലെ കാണാൻ ഒരു സ്ത്രീയ്ക്കേ കഴിയൂ. സുമിത്രയുടെ വീക്ഷണം മനോഹരൻ അവതരിപ്പിച്ചപ്പോൾ സുഹൃത്തുക്കളെല്ലാം അതിനോട് യോജിച്ചു.
(ഫോൺ: 9946108220)