-amit-shah

ലഖ്നൗ : ഹാഥ്‌രസ് കേസ് അന്വേഷണത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാരിന് പിന്തുണയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേസ് അന്വേഷണത്തിന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ രൂപീകരിച്ച യോഗിയുടെ തീരുമാനത്തെ അമിത് ഷാ അഭിനന്ദിക്കുകയും ചെയ്തു. കേസിന് വീഴ്ചയുണ്ടായത് പ്രാദേശിക പൊലീസ് സ്റ്റേഷൻ തലത്തിൽ വച്ചാണെന്ന് ഷാ പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രതികരണം.

' പ്രാദേശിക പൊലീസ് സ്‌റ്റേഷൻ തലത്തിൽ വീഴ്ചയുണ്ടായി. അതിൽ സർക്കാർ ഉൾപ്പെടുന്നില്ല. കേസന്വേഷണത്തിന് പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചത് യോഗി ആദിത്യനാഥിന്റെ ഉചിതമായ തീരുമാനമായിരുന്നു. പൊലീസിൽ പരിഷ്കരണഗങ്ങൾ വേണമെന്നത് നിഷേധിക്കുന്നില്ല. എന്നാൽ ഒരേ സമയം തന്നെ ഹാഥ്‌രസിലും രാജസ്ഥാനിലും പീഡന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. എന്തുകൊണ്ടാണ് ഹാഥ്‌രസ് സംഭവം മാത്രം ചർച്ച ചെയ്യുന്നത്. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾക്ക് മേൽ രാഷ്ട്രീയം കളിക്കുന്നത് എത്രത്തോളം ശരിയാണ് ? ഹാഥ്‌രസ് കേസിലെ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു കഴിഞ്ഞു. അവർ ഇന്ന് ജയിലിലാണ്. ' അമിത് ഷാ പറഞ്ഞു.

' പ്രത്യേക അന്വേഷണ സംഘം അക്കാര്യം അന്വേഷിക്കുന്നുണ്ട്. ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നൽകിയിരുന്നു. ഇപ്പോൾ കേസിന്റെ മുഴുവൻ അന്വേഷണവും സി.ബി.ഐയും ഏറ്റെടുത്തിട്ടുണ്ട്. ' കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ അനുവാദം കൂടാതെ രാത്രിയിൽ സംസ്കരിച്ചതിനെ പറ്റിയുള്ള ചോദ്യത്തിന്റെ മറുപടിയായി ഷാ ചൂണ്ടിക്കാട്ടി.