barroz

മലയാളത്തിന്റെ അഭിമാന താരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 'ത്രീഡി' ചിത്രമായ 'ബറോസി'നെ കുറിച്ച് ശക്തമായ സൂചന നൽകി ഛായാഗ്രാഹകൻ സന്തോഷ് ശിവൻ. മോഹൻലാൽ, മലയാള സിനിമയിലെ ആദ്യ 'ത്രീ ഡി' ചിത്രമായ 'മൈ ഡിയർ കുട്ടിച്ചാത്തന്റെ' സംവിധായകനായ ജിജോ പുന്നൂസ്, എന്നിവർക്കൊപ്പമുള്ള ചിത്രമാണ് സന്തോഷ് ശിവൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

'ദൃശ്യം 2'വിന്റെ ചിത്രീകരണ ലൊക്കേഷനിൽ നിന്നും എടുത്ത ചിത്രമാണ് സന്തോഷ് ശിവൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊവിഡ് സാഹചര്യം മൂലം സിനിമാ ചിത്രീകരണം നിർത്തുവച്ചിരുന്ന സാഹചര്യത്തിൽ നിന്നും മലയാള സിനിമാ രംഗം വീണ്ടും സജീവമായിത്തുടങ്ങുകയാണിപ്പോൾ.

'ദൃശ്യം 2' ഉൾപ്പെടെയുള്ള നിരവധി സിനിമകൾ ചിത്രീകരണം ആരംഭിച്ചതും സിനിമാ മേഖലയ്ക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ്. ഈ സാഹചര്യത്തിൽ 'ബറോസി'ന്റെ ചിത്രീകരണവും ഉടൻ തന്നെ ആരംഭിക്കുമോ എന്നാണ് ആരാധകർക്ക് ചോദിക്കാനുള്ളത്.

സ്പാനിഷ് നടി പാസ് വേഗ ഉൾപ്പെടെയുള്ള നിരവധി വിദേശ താരങ്ങൾ ഉൾപ്പെടെയുള്ളവർ അണിനിരക്കുന്ന 'ബറോസ്' കുട്ടികൾക്കായുള്ള ഒരു ഫാന്റസി ചിത്രമാണെന്ന് മോഹൻലാൽ മുൻപ് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യ, സ്‌പെയിൻ, ആഫ്രിക്ക, പോർച്ചുഗൽ എന്നീ രാജ്യങ്ങളുടെ നാവിക ചരിത്രം കഥാപശ്ചാത്തലമായി വരുന്ന ചിത്രം 2019 ഏപ്രിലിലാണ് മോഹൻലാൽ പ്രഖ്യാപിച്ചത്.