dhawan

ഡൽഹി 5 വിക്കറ്റിന് ചെന്നൈയെ കീഴടക്കി

ശിഖർ ധവാന് കന്നി ഐ.പി.എൽ സെഞ്ച്വറി

അവസാനം അക്സറിന്റെ വെടിക്കെട്ട്

ഷാർജ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ശിഖർ ധവാന്റെ തകർപ്പൻ സെഞ്ച്വറിയുടെ പിൻബലത്തിൽ ഡൽഹി ക്യാപിറ്റൽസ് ചെന്നൈ സൂപ്പർ കിംഗ്സിനെ 5 വിക്കറ്റിന് കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് നിശ്ചിത 20 ഓവറിൽ 4വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഡൽഹി ഒരു പന്ത് ബാക്കി നിൽക്കെ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു (185/5). ജയത്തോടെ 9 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി ഡൽഹി പോയിന്റ് ടേബിളിൽ വീണ്ടും ഒന്നാമതെത്തി.

58 പന്ത് നേരിട്ട് 14 ഫോറും 1 സിക്സും ഉൾപ്പെടെ 101 റൺസുമായി പുറത്താകാതെ നിന്ന ശിഖർ ധവാനാണ് ഡൽഹിയുടെ വിജയശില്പി. ഒരറ്റത്ത് വിക്കറ്റ് വീണുകൊണ്ടിരിക്കുമ്പോഴും പതറാതെ പൊരുതിയ ധവാനും അവസാന ഓവറിൽ വെടിക്കെട്ട് നടത്തിയ അക്സർ പട്ടേലുമാണ് കൈവിട്ടെന്ന് കരുതിയ കളി ഡൽഹിയുടെ അക്കൗണ്ടിലെത്തിച്ചത്. അവസാന ഓവറിൽ ജയിക്കാൻ ഡൽഹിക്ക് 17 റൺസാണ് വേണ്ടിയിരുന്നത്. ജഡേജ എറിഞ്ഞ ആ ഓവറിലെ രണ്ടും മൂന്നും ആറും പന്തുകളിൽ സിക്സടിച്ച് അക്സർ ചെന്നൈയിൽ നിന്ന് വിജയം അടിച്ചെടുക്കുകയായരുന്നു. അക്സർ 5 പന്തിൽ 3 സിക്സ് ഉൾപ്പെടെ 21 റൺസ് നേടി.

കഴിഞ്ഞ മത്സരത്തിലെപ്പോലെ തന്നെ ഓപ്പണർ പൃഥ്വി ഷായെ (0) തുടക്കത്തിൽ തന്നെ ഡൽഹിക്ക് നഷ്ടമായി. ആദ്യ ഓവറിലെ രണ്ടാം പന്തിൽ പൃഥ്വി ഷായെ ദീപക് ചഹർ സ്വന്തം ബൗളിംഗിൽ പിടികൂടുകയായിരുന്നു. പകരമെത്തിയ രഹാനെയും വീണ്ടും പരാജയമായി. 10 പന്തിൽ 8 റൺസെടുത്ത രഹാനെയെ ചഹർ സാം കറന്റെ കൈയിൽ എത്തിച്ചു. തുടർന്ന് ക്രീസിലെത്തിയ നായകൻ ശ്രേയസ് അയ്യർ ധവാനൊപ്പം പിടിച്ചു നിന്നതോടെ ഡൽഹി ഇന്നിംഗ്സിന് ജീവൻ വയ്ക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും 68 റൺസ് കൂട്ടിച്ചേർത്തു. ശ്രേസയ് (23) മടങ്ങിയ ശേഷം ക്രീസിലെത്തിയ സ്റ്റോയിനിസ് 14 പന്തിൽ 1 ഫോറും 2 സിക്സും ഉൾപ്പെടെ 24 റൺസ് നേടി സ്കോറിംഗ് വേഗത്തിലാക്കി. ഷർദ്ദുൽ താക്കൂറിന്റെ പന്തിൽ അമ്പാട്ടി റായ്‌ഡുവിന് ക്യാച്ച് നൽകി സ്റ്രോയിനിസ് മടങ്ങിയെങ്കിലും മറുവശത്ത് ധവാൻ പോരാട്ടം തുർന്നു. അവസാനം കൂട്ടായി അക്‌സറെത്തിയതോടെ വിന്നിംഗ് കോമ്പിനേൽൻ രൂപപ്പെടുകയായിരുന്നു.

ദീപക് ചഹർ ചെന്നൈക്കായി രണ്ട് വിക്കറ്ര് വീഴ്ത്തി.
നേരത്തേ ടോസ് നേടിയ ചെന്നൈ ബാറ്രിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അർദ്ധ സെഞ്ച്വറി നേടിയ ഫാഫ് ഡുപ്ലെസിസിസാണ് (47 പന്തിൽ 58) ചെന്നൈയുടെ ടോപ്സ്കോർ. അമ്പാട്ടി റായ്ഡു 4 സിക്സും 1 ഫോറും അടക്കം 25 പന്തിൽ പുറത്താകാതെ നേടിയ 45 റൺസും രവീന്ദ്ര ജഡേജ 13 പന്തിൽ 4 സിക്സടക്കം നേടിയ 33 റൺസും ചെന്നൈയെ ഭേദപ്പെട്ട സ്കോറിലെത്തിക്കാൻ നിർണായക പങ്കുവഹിച്ചു. ഷേൻ വാട്സൺ 36 റൺസെടുത്തു.