
വാഷിംഗ്ടൺ: ഡെമോക്രാറ്റ് പാർട്ടി അംഗവും മിനസോട്ടാ ജനപ്രതിനിധിയുമായ ഇൽഹാൻ ഒമറിനെതിരെ അന്വേഷണം നടത്തണമെന്ന് യു.എസ്. നീതി വകുപ്പിനോട് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്വന്തം സഹോദരനെ ഇൽഹാൻ വിവാഹം ചെയ്തുവെന്നും അവർ നിയമവിരുദ്ധമായാണ് അമേരിക്കയിൽ പ്രവേശിച്ചതെന്നുമുള്ള അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും ട്രംപ് ഉന്നയിച്ചു.
ഫ്ലോറിഡയിലെ ഒക്കാലയിൽ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയിലാണ് ട്രംപ് ഈ പരാമർശം നടത്തിയത്. നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ മിനസോട്ടയിൽ താൻ ജയിക്കുമെന്നും മിനസോട്ടാ ജനപ്രതിനിധി ഇൽഹാൻ 'സൊമാലിയക്കാരി' ആയതിനാൽ അങ്ങനെ തന്നെയാണ് സംഭവിക്കുക എന്നും ട്രംപ് പറയുന്നു.
'അവർക്ക് ഈ രാജ്യത്തോട് വെറുപ്പാണ്, ഒരു സർക്കാർ പോലുമില്ലാത്ത രാജ്യത്തുനിന്നുമാണ് അവ വരുന്നത്, എന്നിട്ട് നമ്മുടെ രാജ്യം എങ്ങനെ ഭരിക്കണമെന്ന് നമ്മോടു പറയുകയാണ്.' ട്രംപ് പറഞ്ഞു.
1995ൽ തന്റെ പന്ത്രണ്ടാം വയസിലാണ് ഇൽഹാൻ ഒമർ സൊമാലിയയിൽ നിന്നും അമേരിക്കയിൽ എത്തുന്നത് ശേഷം തന്റെ പതിനേഴാം വയസിലാണ് ഒമറിന് അമേരിക്കൻ പൗരത്വം ലഭിക്കുന്നത്. 2018ലാണ് ഒമർ കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഒമർ തന്റെ സഹോദരനെ വിവാഹം കഴിച്ചുകൊണ്ട് ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന അപവാദപ്രചരണത്തെ അവർ മുൻപ് തള്ളിയിരുന്നു.