joseph-marthoma

പത്തനംതിട്ട: മാര്‍ത്തോമ സഭാതലവന്‍ ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത (90) കാലം ചെയ്തു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലര്‍ച്ചെ 2.30 ഓടെ ആയിരുന്നു അന്ത്യം. പാൻക്രിയാസ് കാൻസറിനെ തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. മെത്രാപ്പൊലീത്തയുടെ ആവശ്യപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച തൈലാഭിഷേക ശുശ്രൂഷ നടന്നിരുന്നു.

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്തയുടെ പിൻഗാമിയായി 2007 ഒക്ടോബർ 2ന് ആണ് ഡോ. ജോസഫ് മാർ ഐറേനിയസ് മാർത്തോമ്മാ സഭയുടെ മെത്രാപ്പൊലീത്തയാകുന്നത്. 1999-ല്‍ സഫ്രഗന്‍ മെത്രാപ്പൊലീത്തയായി. മാരമണ്‍ കണ്‍വെന്‍ഷന്റെ മുഖ്യ സംഘാടകനായിരുന്നു.

മലങ്കര സഭയുടെ നവീകരണ പിതാവ് എന്നറിയപ്പെട്ട അബ്രഹാം മൽപ്പാന്റെ കുടുംബമായ പാലക്കുന്നത്ത് തറവാട്ടിൽ 1931 ജൂൺ 27 നാണ് ജനനം. പി.ടി.ജോസഫെന്നായിരുന്നു ആദ്യ കാല പേര്. 1957-ലാണ് വൈദികനായി സഭാ ശുശ്രൂഷയില്‍ പ്രവേശിച്ചത്. 1975 ഫെബ്രുവരിയില്‍ ജോസഫ് മാര്‍ ഐറേനിയോസ് എന്ന പേരില്‍ മെത്രാപ്പൊലീത്തയായി.