
തമിഴ്നാട്ടിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കമലഹാസനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിശ്ചയിച്ച് സ്വന്തം രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യം തീരുമാനമെടുത്തിരിക്കുന്നു.കഴിഞ്ഞ ലോക ്സഭാ തിരഞ്ഞെടുപ്പിൽ 3.77 ശതമാനം വോട്ട് വിഹിതം ലഭിച്ചിരുന്നുവെന്നതാണ് പാർട്ടിയെ ഇപ്പോഴും പ്രസക്തമാക്കുന്നത്.എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ കക്ഷികളുടെ ജനസ്വാധീനം എങ്ങനെ മറികടക്കാനാകുമെന്ന ചോദ്യം വലിയൊരു ചോദ്യമായി മുന്നിൽ നിൽക്കുകയാണ്.രജനീകാന്തിന്റെ രാഷ്ട്രീയ പാർട്ടിയോടൊപ്പം ചേർന്ന് മത്സരിക്കാൻ തയ്യാറായാൽ ഉണ്ടാകുന്ന സാധ്യത മാത്രമാണ് നീതി മയ്യത്തിനു മുന്നിലുള്ളത്.മുഖ്യമന്ത്രിയാകാൻ താനില്ലെന്ന രജനീകാന്തിന്റെ പ്രഖ്യാപനം കമലിന് പ്രതീക്ഷ പകരുന്നുണ്ട്.
സഖ്യമുണ്ടായാൽ കമലിനെ മുന്നിൽ നിർത്താൻ രജനീ തയ്യാറായേക്കുമെന്ന കണക്കുകൂട്ടലിലാണ് പാർട്ടി.തമിഴകത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ രജനിയും കമലും ഒത്തു നിന്നാൽ കാര്യങ്ങൾ എളുപ്പമാകുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യങ്ങൾ അനുകൂലമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഡി.എം.കെ ഒരു തിരിച്ചുവരവിന് തയ്യാറെടുക്കുന്നുണ്ട്. അതേസമയം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി യുടെ ഭരണത്തെക്കുറിച്ച് പൊതുവെ മതിപ്പുള്ളതിനാൽ എ.ഐ.എ.ഡി.എം.കെ യും പ്രതീക്ഷ പുലർത്തുന്നുണ്ട്. അതിനിടെ നടി ഖുശ്ബുവിന്റെ രാജിയെ തുടർന്ന് തങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കാ നായി കോൺഗ്രസ് കമല ഹാസനെ ക്ഷണിച്ച് രംഗത്ത് വന്നിട്ടുണ്ട്. എന്തായാലും അടുത്ത തിരഞ്ഞെടുപ്പ് തമിഴകത്ത് വാശിയേറിയ പോരാട്ടത്തിന് വേദിയാകുമെന്നതിൽ സംശയമില്ല.