
ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന് വീഴ്ച പറ്റിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ. വീഴ്ചയുടെ വിലയാണ് ഇപ്പോൾ നൽകുന്നതെന്ന് അദ്ദേഹം വിമർശിച്ചു.‘സൺഡേ സംവാദ്’ എന്ന പേരിൽ മന്ത്രി നടത്തുന്ന പരിപാടിയുടെ പ്രമോയിലാണ് വിമർശനം ഉന്നയിച്ചത്.
ആദ്യഘട്ടത്തിൽ കേരളത്തിൽ രോഗ നിയന്ത്രണം സാദ്ധ്യമായിരുന്നുവെന്നും,എന്നാൽ പിന്നീട് കാണിച്ച അലംഭാവത്തിന്റെ ഫലമാണ് ഇപ്പോൾ സംസ്ഥാനം അനുഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വൈറസിനെ പ്രതിരോധിക്കുന്നതിൽ കേരളം എങ്ങനെയാണ് മികച്ചതിൽനിന്ന് ഏറ്റവും മോശത്തിലേക്ക് എത്തിയതെന്ന് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വിഡിയോയിൽ വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Tune-In to #SundaySamvaad at 1PM to know about the evolving #pandemic
Has the virus mutated?
How did Kerala go from best to worst performing against #COVID19?
Is there any intranasal Vaccine for COVID19?
Mismatch in number of #Covid related deaths?#WATCH me answer these & more pic.twitter.com/OtvVjUG6fc
ഇന്ത്യയിൽ നിയന്ത്രണമില്ലാതെ നടക്കുന്ന ഉത്സവങ്ങളും മറ്റ് ആഘോഷങ്ങളും കൊവിഡ് വ്യാപനം വർദ്ധിക്കാൻ കാരണമായെന്ന് ഹർഷവർദ്ധൻ നേരത്തെ പറഞ്ഞിരുന്നു. വിശ്വാസം തെളിയിക്കാന്‍ വന്‍തോതില്‍ ആളുകള്‍ കൂട്ടംചേര്‍ന്നും ആഡംബരമായും ഉത്സവങ്ങള്‍ ആഘോഷിക്കണമെന്ന് ഒരു ദൈവവും മതവും ആവശ്യപ്പെടുന്നില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. കേരളത്തിൽ ഓണാഘോഷത്തിന് ശേഷം കൊവിഡ് വ്യാപനം വർദ്ധിച്ചുവെന്ന പഠന റിപ്പോർട്ട് അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ വാക്കുകൾ.
'കൊവിഡ് കാലത്തെ ഉത്സവ ആഘോഷങ്ങൾ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടും അവ പാലിക്കുന്നതില്‍ വീഴ്ച സംഭവിക്കുകയാണ്. ഇത് കൊവിഡ് കേസുകൾ കൂടാൻ കാരണമാകുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കേരളത്തില്‍ ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങൾക്കിടയിൽ നടന്ന ഓണാഘോഷമാണ് വലിയ കൊവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്നും വിമർശനം ഉണ്ടായിരുന്നു.