sivasanker

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് കസ്റ്റംസിന്റെ 'വി ഐ പി' സുരക്ഷ. അദ്ദേഹത്തിന് സി ആർ പി എഫ് സുരക്ഷ നൽകണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനെ അറിയിച്ചിട്ടുണ്ട്. ഇതിനോട് ആഭ്യന്തര മന്ത്രാലയവും അനുകൂല നിലപാടാണ് കൈക്കൊണ്ടത്. ശിവശങ്കറിന് സുരക്ഷ ഒരുക്കുന്നതിനുളള പ്രത്യേക സി ആർ പി എഫ് സംഘം ഇന്നുതന്നെ എത്തിയേക്കുമെന്നാണ് അറിയുന്നത്.

അതേസമയം ശിവശങ്കറിന് മെഡിക്കൽകോളേജിൽ നിന്ന് നൽകുന്ന ചികിത്സയുടെ വിശദാംശങ്ങൾ അറിയിക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് മെഡിക്കൽകോളേജ് അധികൃതർക്ക് കത്തുനൽകിയിട്ടുണ്ട്. നേരത്തേ ശിവശങ്കർ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയാേടും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

അതിനിടെ സ്വർണക്കടത്ത് കേസിലെ പ്രതികളും ശിവശങ്കറും തമ്മിലുളള ബന്ധത്തിന് കസ്റ്റംസിന് കൂടുതൽ തെളിവ് ലഭിച്ചു. നയതന്ത്ര ചാനൽ വഴി കടത്തിയ സ്വർണം പിടിച്ചശേഷം സന്ദീപ് നായരുമായി ബന്ധപ്പെട്ടെന്നതാണ് ശിവശങ്കറിനെതിരായ പ്രധാന സാക്ഷിമൊഴി. എന്നാൽ ഇക്കാര്യം ചോദ്യംചെയ്യലിൽ ശിവശങ്കർ നിഷേധിച്ചു. ശിവശങ്കറിന് സ്വപ്ന ഐഫോൺ സമ്മാനിച്ചിരുന്നുവെന്നും യൂണിടാക് ഉടമ സന്തോഷ് ഈപ്പനാണ് ഈ ഫോൺ സ്വപ്നയ്ക്ക് നൽകിയതെന്നം കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തേ സ്വപ്നയ്ക്ക് താൻ കൈമാറിയെന്ന് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയ അഞ്ച് ഐഫോണുകളിൽ ഒന്നാണോ ഇതെന്ന് വ്യക്തമല്ല.