
ലക്നൗ: സൂപ്പർഹീറോ അയൺ മാൻ പെട്ടെന്ന് മുന്നിൽ വന്നാൽ എന്ത് ചെയ്യും? ആരായാലും ഞെട്ടുമെന്ന് ഉറപ്പ്. ചിലർ ആകാംക്ഷയോടെ നോക്കി നിൽക്കുകയും ചെയ്യും. അത്തരത്തിലൊരു സംഭവമാണ് ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ഡങ്കോർ പട്ടണത്തിൽ ഉണ്ടായത്.
ആകാശത്തിലൂടെ ' അയൺമാൻ' പറന്നു നടക്കുന്നതാണ് ജനങ്ങൾ കണ്ടത്. ചിലർ അന്യഗ്രഹ ജീവിയാണെന്നും കരുതി. മറ്റുചിലരാകട്ടെ പേടിച്ചു. എന്നാൽ പിന്നീടാണ് മനസിലായത് അയൺ മാൻ എന്ന സാങ്കൽപ്പിക കഥാപാത്രത്തിന്റെ ആകൃതിയിലുള്ള ഒരു ബലൂൺ ആണ് അതെന്ന്. ഗ്യാസ് ബലൂൺ റോബോട്ടിനോട് സാമ്യമുള്ളതാണിത്.
ഭട്ട പാർസോൾ ഗ്രാമത്തിനടുത്തുള്ള ഒരു കനാലിനടുത്ത് പിന്നീട് ഈ ബലൂൺ വീണു. വൻ ജനക്കൂട്ടമായിരുന്നു സ്ഥലത്തെത്തിയത്. 'വായു നിറച്ച ബലൂണായിരുന്നു അത്. ബലൂൺ പിന്നീട് കനാലിനടുത്തുള്ള കുറ്റിക്കാട്ടിൽ കുടുങ്ങി. ബലൂണിന്റെ ഒരു ഭാഗം കനാലിലെ വെള്ളത്തിലുമായിരുന്നു. ബലൂണിന്റെ ആകൃതി കണ്ട് ആളുകൾ ഉത്കണ്ഠാകുലരായി. സാങ്കൽപ്പിക സൂപ്പർഹീറോ കഥാപാത്രമായ അയൺമാനോട് രൂപസാദൃശ്യമുണ്ട് അതിന്. ബലൂൺ വാതകം തീർന്നിരിക്കണം, അതാകാം വീണത്. എന്നാൽ 'വസ്തുവിൽ ദോഷകരമായ ഒന്നും തന്നെയില്ല--പൊലീസ് വ്യക്തമാക്കി.