
പാരിസ്: പ്രവാചകന്റെ കാർട്ടൂൺ വിദ്യാർത്ഥികളെ കാണിച്ചതിന്റെ പേരിൽ അദ്ധ്യാപകൻ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അന്വേഷണം സംഘം പുറത്തുവിട്ടു.
കൊല്ലപ്പെട്ട സാമുവൽ പെറ്റിയെ കൊലപാതകിയ്ക്ക് കാണിച്ചു കൊടുത്തത് സ്കൂളിലെ വിദ്യാർത്ഥികളായിരുന്നുവെന്നാണ് റിപ്പോർട്ട്. ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസ് നഗരത്തിന്റെ പ്രാന്തപ്രദേശമായ കോൺഫ്രാൻസ് സെയ്ന്റ് ഹോണാറിനിലാണ് സംഭവം നടന്നത്.അബ്ദുള്ളാഖ്.എ എന്ന 18കാരനാണ് കൊലപാതകിയെന്നാണ് വിവരം.
സ്കൂളിനു പുറത്ത് കാത്തു നിന്ന പ്രതി അദ്ധ്യപകനെ കാണിച്ചു കൊടുക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു. തുടർന്ന് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന സാമുവലിനെ പിന്തുടർന്ന പ്രതി അദ്ദേഹത്തെ പല തവണ വെട്ടുകയും പിന്നീട് തല വെട്ടിയെടുക്കുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കൃത്യം നടത്തിയ ശേഷം മരിച്ചു കിടക്കുന്ന സാമുവലിന്റെ ചിത്രങ്ങൾ ഇയാൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇതിനു ശേഷമായിരുന്നു പൊലീസ് വെടിവെയ്പ്പിൽ പ്രതി കൊല്ലപ്പെട്ടത്. ചെറുപ്പത്തിൽ മോസ്കോയിൽ നിന്ന് അഭയാർത്ഥിയായി ഫ്രാൻസിൽ കുടിയേറിയെ ഇയാൾ ഒരിക്കലും ഫ്രഞ്ച് ഭീകര വിരുദ്ധ സേനയുടെ പട്ടികയിലുണ്ടായിരുന്നില്ല. ഇയാൾക്ക് സാമുവൽ പെറ്റിയെയോ ഈ സ്കൂളുമായോ യാതൊരു മുൻപരിചയവും ഇല്ലായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറയുന്നു. 
പ്രായപൂർത്തിയാകുന്നതിനു മുൻപ് തെറ്റായ പെരുമാറ്റത്തിന് ഇയാൾ മുൻപും കോടതി കയറിയിട്ടുണ്ട്.
സംഭവത്തിൽ ഇതുവരെ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവർക്ക് ഭീകര ബന്ധമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
സംഭവം 'ഇസ്ലാമിക ഭീകരാക്രമണ'മാണെന്ന് വിശേഷിപ്പിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ സാമുവൽ വധിക്കപ്പെടാൻ കാരണം 'ആവിഷ്കാര സ്വാതന്ത്ര്യം പഠിപ്പിച്ചതാ'ണെന്നായിരുന്നു ചൂണ്ടിക്കാട്ടിയത്. ദേശീയതലത്തിൽ വരുന്ന ബുധനാഴ്ച സാമുവലിന് ഫ്രാൻസ് ആദരമർപ്പിക്കും.
ചരിത്രാദ്ധ്യാപകനായ സാമുവൽ ആവിഷ്കാര സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള ഒരു ക്ലാസിൽ പ്രവാചകന്റെ വിവാദമായ കാർട്ടൂൺ കാണിച്ചതുമുതൽ ഇദ്ദേഹത്തിന് ഭീഷണികൾ വന്നിരുന്നുവെന്നാണ് റിപ്പോർട്ട്. 
മോശമായി തോന്നുന്നുണ്ടെങ്കിൽ ചിത്രത്തിലേയ്ക്ക് നോക്കേണ്ടതില്ലെന്നായിരുന്നു സാമുവൽ വിദ്യാർത്ഥികളോടു പറഞ്ഞത്.
എന്നാൽ, സംഭവത്തിൽ പ്രതിഷേധിച്ച് ഒരു രക്ഷിതാവായിരുന്നു ആദ്യം രംഗത്തെത്തിയത്. 
സ്കൂളിൽ പരാതി നൽകിയ ഇദ്ദേഹം സംഭവത്തിൽ പ്രതിഷേധിക്കണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. 
ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ അർദ്ധസഹോദരി 2014ൽ ഐ.എസിൽ ചേർന്നിരുന്നുവെന്നും ഉദ്യോഗസ്ഥർ പറയുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റൊരാളും ഭീകര വിരുദ്ധ സേനയുടെ നോട്ടപ്പുള്ളിയായിരുന്നു. അറസ്റ്റിലായ നാലു പേർ കൊല്ലപ്പെട്ട പ്രതിയുടെ ബന്ധുക്കളാണ്. മറ്റുള്ളവരുടെ ഭീകരബന്ധത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.