
പ്രിയപ്പെട്ട മുഖ്യമന്ത്രി,
എന്റെ പിതാവിന്റെ ഒരു പ്രതിമ തിരുവനന്തപുരം നഗരത്തിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ,അങ്ങ് അധികാരത്തിലേറി അധികം വൈകും മുമ്പ് ഞാൻ നൽകിയ നിവേദനത്തിന്റെ കാര്യം ഒന്നുകൂടി ഓർമ്മിപ്പിക്കാൻ വേണ്ടിയാണ് ഈ കത്തെഴുതുന്നത്. അങ്ങയ്ക്ക് അറിയാവുന്നതുപോലെ എന്റെ അച്ഛൻ ജെ.സി.ഡാനിയേൽ മലയാള സിനിമയുടെ പിതാവാണ്. അദ്ദേഹം തന്റെ യൗവനം ചെലവഴിച്ചതും മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരൻ നിർമ്മിക്കാനായി പോരാടിയതും ഈ നഗരത്തിലായിരുന്നു. അവിടെ അച്ഛന്റെ പ്രതിമ ഉണ്ടാവണമെന്ന എന്റെ അഭ്യർത്ഥന അന്ന് താങ്കൾ സൗഹാർദപൂർവം പരിഗണിക്കുകയും സാംസ്ക്കാരിക വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി എ.കെ.ബാലനുകൂടി നിവേദനത്തിന്റെ കോപ്പി താങ്കളുടെ നിർദ്ദേശപ്രകാരം നൽകുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വെള്ളയമ്പലത്തിനും കവടിയാറിനുമിടയിൽ മൻമോഹൻബംഗ്ളാവിന് എതിർവശത്ത് അനുയോജ്യമായ സ്ഥലം തിരുവനന്തപുരം കോർപറേഷൻ നിദ്ദേശിക്കുകയും ചെയ്തു. എന്റെ ഭാര്യ സുശീലാറാണിയുടെ, തിരുവനന്തപുരത്ത് താമസിക്കുന്ന സഹോദരിയും അദ്ധ്യാപികയുമായ ജയന്തി ഈ ആവശ്യത്തിനായി പലവട്ടം അധികാരകേന്ദ്രങ്ങളിൽ കയറി ഇറങ്ങുകയുണ്ടായി. പക്ഷെ ഇതുവരെ ഒന്നും നടന്നിട്ടില്ല. എനിക്ക് 85 വയസായി. അനാരോഗ്യത്തിന്റെ പ്രശ്നങ്ങളുമുണ്ട്. അച്ഛന്റെ പ്രതിമ തിരുവനന്തപുരത്തു സ്ഥാപിതമായി കാണുകയെന്നത് എന്റെ ഒരു സ്വപ്നമാണ്. അങ്ങ് വിചാരിച്ചാലേ ഇക്കാര്യം സഫലമാവുകയുള്ളൂ. അതിനാൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് അപേക്ഷിക്കുന്നു
.വിശ്വാസപൂർവം ,സി.ജെ.ഹാരിസ് ഡാനിയേൽ.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച മറുപടി
ജെ.സി.ഡാനിയേലിന്റെ ഇളയ മകൻ ഹാരിസ് ഡാനിയേലിന്റെ ഈ കത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇക്കഴിഞ്ഞ സെപ്‌തംബർ 27 ന് മറുപടി ലഭിച്ചു. അതിൽ ഇങ്ങനെ പറയുന്നു. " താങ്കളുടെ അപേക്ഷ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഉചിതമായ നടപടി സ്വീകരിക്കാനായി സാംസ്കാരിക വകുപ്പ് സെക്രട്ടറിക്ക് അയച്ചു കൊടുത്തിട്ടുണ്ട്." എന്നാൽ ഇക്കാര്യത്തിൽ എന്തെങ്കിലും നടപടി സ്വീകരിക്കാനായിട്ടുണ്ടോയെന്ന് കഴിഞ്ഞ ദിവസം സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയോട് ഫോണിൽ അന്വേഷിച്ചപ്പോൾ ലഭിച്ച മറുപടി " അറിയില്ലെന്നും സെക്ഷനിൽ ചോദിക്കാതെ പറയാൻ കഴിയില്ലെന്നുമായിരുന്നു."ന്യായമായ മറുപടിയാണ്. പക്ഷേ ഈ വിഷയത്തിന്റെ ഗൗരവം എത്രമാത്രം ഉണ്ടെന്നതിന്റെ ഉത്തരവും അതിലടങ്ങിയിട്ടുണ്ടെന്ന് പറയാം.
................................
നവതി പിന്നിട്ട മലയാള സിനിമ പിതാവായി അംഗീകരിച്ച ജെ.സി.ഡാനിയേലിന് ഉചിതമായൊരു സ്‌മാരകം തലസ്ഥാനത്ത് നിർമ്മിക്കാനായില്ലെന്നത് കഷ്ടമെന്നല്ലാതെ എന്ത് പറയാൻ. 1992 ൽ മുഖ്യമന്ത്രി കെ.കരുണാകരൻ മുൻകൈയ്യെടുത്താണ് സംസ്ഥാന സർക്കാർ ജെ.സി.ഡാനിയേലിന്റെ പേരിൽ ചലച്ചിത്ര രംഗത്തെ ഏറ്റവും വലിയ അവാർഡ് ഏർപ്പെടുത്തിയത്. ജെ.സി.ഡാനിയേലിന്റെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്ന് ആദ്യം പറഞ്ഞത് ഇ.കെ.നായനാരായിരുന്നുവെന്ന് ഹാരിസ് ഡാനിയേൽ ഓർക്കുന്നുണ്ട്. പിന്നീട് മാറിമാറി സർക്കാരുകൾ വന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല. പിണറായി വിജയൻ സർക്കാർ അധികാരമേറ്റപ്പോഴാണ് ഹാരിസ് ഡാനിയേൽ വീണ്ടും ഈ ആവശ്യവുമായി സമീപിച്ചത്. മുഖ്യമന്ത്രിയും സാംസ്കാരികമന്ത്രിയും താത്പര്യം കാട്ടുകയും കോർപ്പറേഷൻ അനുകൂല നിലപാട് എടുക്കുകയും ചെയ്തിട്ടും കാര്യം ഇതുവരെ നടന്നില്ലെന്ന് പറയുമ്പോൾ നമ്മുടെ നാട്ടിലെ ചുവപ്പുനാടയുടെ കുരുക്ക് എത്രമാത്രമുണ്ടെന്ന് മനസിലാകുമല്ലോയെന്ന് ഹാരിസ് ചോദിച്ചു.
ഇതിനിടെ കോട്ടയത്ത് ജെ.സി.ഡാനിയേൽ ഫൗണ്ടേഷൻ എന്ന പേരിലുള്ള ഒരു സംഘടന അവരുടെ താത്പര്യത്താൽ ഒരു പ്രതിമ ഉണ്ടാക്കുകയും അത് സ്ഥാപിക്കാനായി സ്ഥലം അന്വേഷിച്ച് പലവാതിലുകളിൽ മുട്ടുകയും ചെയ്തിരുന്നു. സർക്കാരിനോട് അനുവാദം ചോദിക്കാതെയായിരുന്നു പ്രതിമ നിർമ്മിച്ചതെന്ന കാരണത്താൽ സർക്കാർ സ്ഥലവും ലഭിക്കാതെപോയി. ഇപ്പോൾ കോട്ടയത്ത് ഒരു ആഡിറ്റോറിയത്തിലെ ഇരുട്ടുമുറിയിൽ ചാക്കിൽ കെട്ടിവച്ചിരിക്കുകയാണ് മലയാള സിനിമയുടെ പിതാവിന്റെ പ്രതിമ.
ജെ.സി.ഡാനിയേലിന്റെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന സിനിമ വൻ വിജയമായിരുന്നു. ഡാനിയേലിന്റെ പ്രതിമ സ്ഥാപിക്കാൻ ചലച്ചിത്ര അക്കാഡമി ചെയർമാൻ കൂടിയായ കമൽ സജീവമായി മുന്നിൽ നിന്നിരുന്നെങ്കിലെന്ന് ഡാനിയേലിന്റെ കുടുംബം ആഗ്രഹിക്കുന്നുണ്ട്. ജെ.സി.ഡാനിയേൽ മരിച്ചിട്ട് 45 വർഷം കഴിഞ്ഞു. വിഗതകുമാരന്റെ പ്രിന്റുപോലും ഇന്ന് ലഭ്യമല്ല. തന്റെ ആറാം വയസിൽ മൂല്യമറിയാതെ ഒരു രസത്തിന് വീട്ടിലുണ്ടായിരുന്ന പ്രിന്റ് കത്തിച്ചുകളഞ്ഞതിന്റെ വേദന ഇന്നും ഹാരിസിന്റെ മനസിലുണ്ട്.
മലയാളത്തിന്റെ ആദ്യനായിക വിഗതകുമാരനിലഭിനയിച്ച പി.കെ.റോസിക്കാണ് ഈ വർഷം തനിക്കു ലഭിച്ച മികച്ച നടിക്കുള്ള അവാർഡ് കനികുസൃതി സമർപ്പിച്ചതെന്നത് ശ്രദ്ധേയമാണ്.
85 കാരനായ ഹാരിസ് ഡാനിയേലിന്റെ അപേക്ഷ മുഖ്യമന്ത്രി പരിഗണിക്കുമെന്ന് സിനിമയെ സ്നേഹിക്കുന്ന എല്ലാവരും പ്രതീക്ഷിക്കും.