
കൊച്ചി: കൊവിഡും ലോക്ക്ഡൗണും മൂലം ഡിമാൻഡ് താഴ്‌ന്നതോടെ നടപ്പു സാമ്പത്തിക വർഷത്തിന്റെ (2020-21) ആദ്യ പകുതിയിൽ (ഏപ്രിൽ-സെപ്‌തംബർ) ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി 57 ശതമാനം ഇടിഞ്ഞു. മുൻവർഷത്തെ സമാനകാലയളവിലെ 1,580 കോടി ഡോളറിൽ (1.16 ലക്ഷം കോടി രൂപ) നിന്ന് 680 കോടി ഡോളറിലേക്കാണ് (50,000 കോടി രൂപ) ഇടിവ്.
അതേസമയം, സ്വർണം ഇറക്കുമതി കുറഞ്ഞതിനാൽ വ്യാപാരക്കമ്മി കുത്തനെ താഴ്‌ന്നത് ഇന്ത്യയ്ക്ക് നേട്ടമായി. ഏപ്രിൽ-സെപ്‌തംബറിൽ വ്യാപാരക്കമ്മി 2,344 കോടി ഡോളറാണ്; 2019ലെ സമാനകാലത്ത് ഇത് 8,892 കോടി ഡോളറായിരുന്നു. ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലെ അന്തരമാണ് വ്യാപാരക്കമ്മി.
 തിളങ്ങാതെ വെള്ളിയും
വെള്ളിക്കും ഇന്ത്യയിൽ ഡിമാൻഡ് കുറഞ്ഞു. ഏപ്രിൽ-സെപ്‌തംബറിൽ 63.4 ശതമാനം ഇടിവോടെ 73.35 കോടി ഡോളറിന്റേതാണ് (5,400 കോടി രൂപ) ഇറക്കുമതി. സെപ്‌തംബറിൽ മാത്രം ഇറക്കുമതി 96 ശതമാനം ഇടിഞ്ഞു. 1,468 ടൺ സ്വർണം 2020 ജനുവരി-സെപ്‌തംബറിൽ ഇന്ത്യ വാങ്ങി. 2019ലെ ആകെ ഇറക്കുമതി 5,598 ടണ്ണായിരുന്നു.
55%
ഇന്ത്യയിൽ നിന്നുള്ള ജെം ആൻഡ് ജുവലറി കയറ്റുമതി 2020 ഏപ്രിൽ-സെപ്‌തംബറിൽ 55 ശതമാനം കുറഞ്ഞു. 870 കോടി ഡോളറിലേക്കാണ് വരുമാനം താഴ്‌ന്നത്.